പരീക്ഷ വൈകുന്നു; ആരോഗ്യവകുപ്പിന്റെ അനാസ്ഥ; പെരുവഴിയിൽ കുട്ടികൾ

ആരോഗ്യവകുപ്പിനെ വിശ്വസിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിന് ചേര്‍ന്ന അഞ്ഞൂറോളം കുട്ടികള്‍ പെരുവഴിയില്‍. കോഴ്സിന്റ കാലാവധി രണ്ടുവര്‍ഷ കോഴ്സായിരുന്നു. ഇപ്പോള്‍ തന്നെ മൂന്ന് വര്‍ഷം കഴി‍ഞ്ഞു. എന്നിട്ടും ആദ്യ വര്‍ഷ പരീക്ഷയുടെ ഹാള്‍ ടിക്കറ്റും കൈയില്‍ പിടിച്ച് കാത്തിരിക്കുകയാണ് ഈ പാവങ്ങള്‍. പരീക്ഷ വൈകുന്നത് കാരണം ഇവര്‍ക്ക് നഷ്ടപ്പെട്ടതെന്തെന്ന് കൂടി കേട്ടാലേ ആരോഗ്യവകുപ്പിന്റ അനാസ്ഥയുടെ ആഴം മനസിലാകൂ.

എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് ആളെ വിളിച്ചത്. അതും നഷ്ടമായി. ആയിരക്കണക്കിന് കുട്ടികള്‍ എഴുതുന്ന പരീക്ഷകളെല്ലാം നടത്തി.16 കോളജുകളിലായി വെറും 480 വിദ്യാര്‍ഥികള്‍ മാത്രം പങ്കെടുക്കുന്ന പരീക്ഷ നടത്താന്‍ സംവിധാനമില്ല.ന്യായം പലത് കാണും. പക്ഷെ ഒരു കൂട്ടം കുട്ടികളുടെ ഭാവിയാണ് ആരോഗ്യവകുപ്പ് ഇല്ലാതാകുന്നത്.