‘ഒരുദിനം ശമ്പളം പോയാൽ സർക്കാർ ജോലിക്കാർ സഹിക്കില്ല; നാലുമാസമായി സാറെ..’; ഇടറി വാക്കുകൾ

കേരളത്തിൽ സ്വയം തൊഴിൽ ചെയ്യുന്ന ഓരോ മനുഷ്യനും സർക്കാരിനോട് പറയാൻ ആഗ്രഹിച്ച വാക്കുകളാണ് അർഷാദ് എന്ന വ്യാപാരി പറയുന്നത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വരുമാനം നിലച്ചു, ലോൺ അടയ്ക്കണം, വാടക െകാടുക്കണം, വായ്പ തിരിച്ചടയ്ക്കാൻ ഒരു ഇളവും സർക്കാർ അനുവദിക്കുന്നില്ല, കറന്റ് ബില്ലിൽ കുറവില്ല അങ്ങനെ ഒന്നുമാെന്നും കുറയ്ക്കാതെ നിങ്ങൾ കടകൾ അടിച്ചിട്ട് സഹകരിക്കണം എന്ന് പറയുന്ന വാദത്തെയാണ് ഹൃദ്യത്തിൽ നിന്നുള്ള വാക്കുകൾ െകാണ്ട് അർഷാദ് നേരിടുന്നത്.

‘സർക്കാർ ജോലിക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചാൽ പ്രശ്നമാണ്. ഒരു മാസം ശമ്പളം വേണ്ടെന്ന് വയ്ക്കാൻ അവർക്കാകില്ല. ഞങ്ങൾ സ്വയം െതാഴിൽ കണ്ടെത്തിയ വ്യാപാരികൾ കഴിഞ്ഞ നാലുമാസമായി കട തുറന്നിട്ട്. കാസർകോടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസി ഓടുമ്പോ ഉണ്ടാകുന്ന റിസ്കൊന്നും നാട്ടിൽ കട തുറക്കുമ്പോൾ ഉണ്ടാകുന്നില്ല.’ ഇർഷാദ് ചോദിക്കുന്നു. നെടുമങ്ങാട് നഗരസഭയിൽ നടന്ന അവലോകന യോഗത്തിൽ നിന്നുള്ളതാണ് ഈ വിഡിയോ.

ഭാര്യയുടെ കെട്ടുതാലി പണയം വച്ചിട്ടാണ് സ്വന്തമായി പലരും തൊഴിൽ തുടങ്ങിയത്. 80 ദിവസമായി ഇത് സഹിക്കുകയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാൻ പോകൂ? അല്ലാത്തവൻ പോകുമോ? ഫാൻസിയിലും തുണിക്കടയിലും അത്യാവശ്യമില്ലാത്തവർ പോകില്ല. കഴിഞ്ഞ നാലുമാസമായി സഹിക്കുകയാണ്. കടയുടെ വാടക അടക്കമുള്ളവ മുടങ്ങി. ബാങ്കുകാർ നിരന്തരം വിളിക്കുന്നുണ്ട്. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. നിവർത്തികേട് കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാൻ ഒരു മടിയുമില്ല. ഞങ്ങളിനി ആത്മഹത്യ ചെയ്യണോ?’ വാക്കുകൾ ഇടറി അദ്ദേഹം പറയുന്നു.