സ്രവമെടുക്കാതെ സ്റ്റിക് മാത്രം പരിശോധിച്ചു; ഡമ്മി ടെസ്റ്റ് നടത്തിയെന്ന് പരാതി

കാസർകോട്,, ചെമ്മനാട്,, കോവിഡ് പരിശോധനയ്ക്കായി ഡമ്മി ടെസ്റ്റ് നടത്തിയതായി വിവാദം. ചില RTPCR ടെസ്റ്റ് ഫലങ്ങളില്‍ സംശയമുള്ളതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതോടെയാണ് ഡമ്മി ടെസ്റ്റ് നടന്നത് എന്നാണ് വിവരം. സ്രവമെടുക്കാതെ സ്വാബ് സ്റ്റിക് മാത്രം പരിശോധനയ്ക്ക് അയച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം പോസിറ്റീവായി. വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെമ്മനാട് മെഡിക്കല്‍ ഓഫിസറോട് വിശദീകരണം തേടി. 

സ്രവമെടുക്കാതെ ആര്‍ടിപിസി ആറിന് ഉപയോഗിക്കുന്ന സ്വാബ് സ്റ്റിക് മാത്രം ചിലരുടെ പേരില്‍ പരിശോധനയ്ക്ക് അയയ്ക്കുക. ആ ഫലം പോസിറ്റീവായി വരുക. ഈ ഡമ്മി ടെസ്റ്റാണ് ഇപ്പോള്‍ കാസര്‍കോട് ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ വിവാദമായിരിക്കുന്നത്. സ്രവമെടുക്കാതെയുള്ള സ്വാബ് സ്റ്റിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റടക്കം പോസിറ്റീവായി. ഹെല്‍ത്ത് ഇന്‍സ്പെക്ടറും അറിഞ്ഞാണ് ഡമ്മി ടെസ്റ്റ് നടന്നത് എന്നാണ് വിവരം. സ്വാബ് സ്റ്റിക്കിന്‍റെയോ അല്ലെങ്കില്‍ കൈകാര്യം ചെയ്തതില്‍ വന്ന പ്രശ്നമോ കൊണ്ടാകാം പോസിറ്റീവ് റിസല്‍ട്ട് വന്നത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. പഞ്ചായത്തിലുള്ള ചിലരുടെ RTPCR ഫലത്തില്‍ സംശയമുണ്ടായിരുന്നതായും,, എന്നാല്‍ ഡമ്മി ടെസ്റ്റിന് തന്‍റെ പേര് പോയത് അറി‍ഞ്ഞില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. 

പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ ലാബിലായിരുന്നു ഇവ പരിശോധിച്ചത്. ലാബിന്‍റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം. RTPCR ഡമ്മി പരിശോധനയിൽ പോസിറ്റീവ് റിസള്‍ട്ട് വന്നതിലും ഡമ്മി ടെസ്റ്റ് നടത്താന്‍ ഇടയായതിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെമ്മനാട് മെഡിക്കല്‍ ഓഫിസറോട് വിശദീകരണം തേടിയിട്ടുണ്ട്.