‘ഒപ്പമോടി തന്നെ കരയ്ക്കെത്തിച്ചു; അംബാസിഡറിനോട് പ്രണയമല്ല, കടപ്പാട്’; ഊഷ്മളം

ഒരു കാലത്ത് നമ്മുടെ നിരത്തുകളിലെ രാജാവായിരുന്നു അംബാസിഡര്‍ കാറുകള്‍. ഉല്‍പാദനം നിര്‍ത്തിയതോടെ നാമമാത്രമാണ് ഇപ്പോള്‍ ഇവ. എന്നാല്‍ നാലു പതിറ്റാണ്ടായി അംബാസിഡര്‍ മാത്രം ഓടിക്കുന്ന ഒരു ടാക്സി ഡ്രൈവറുണ്ട് പത്തനംതിട്ട ഏഴംകുളത്ത്.

ഒരേ സമയം നാല്‍പതു ടാക്സികള്‍ വരെ സവാരിക്കാരെ കാത്തുകിടന്നിരുന്ന ഏഴംകുളം പ്ലാന്റേഷന്‍ ജംക്്ഷനില്‍ ഇപ്പോള്‍ ഇവന്‍ മാത്രമേയുള്ളു. ഒറ്റയാന്റെ തലയെടുപ്പുണ്ട് KL 26 9062 എന്ന നമ്പരുള്ള വെള്ള അംബാസിഡര്‍ കാറിന്. നമ്മുടെ കഥാനായകന്‍ ഈ കാറല്ല. കാറിന്റെ സാരഥി വിജയന്‍ നായര്‍. കാരണം കഴിഞ്ഞ നല്‍പത് വര്‍ഷമായി വിജയന്‍ ചേട്ടന്‍ അംബാസിഡറിന്റെ വളയം മാത്രമേ പിടിച്ചിട്ടുള്ളു. 

കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാല്‍ അംബാസിഡര്‍ മാത്രമേ ഇതുവരെ ഓടിച്ചിട്ടുള്ളു. ഇനി അംബാസിഡര്‍ മാത്രമേ ഓടിക്കുകയുമുള്ളു. അംബാസിഡറിനോട് പ്രണയമൊന്നുമല്ല. മറിച്ച് കടപ്പാടാണ്. ജീവിതം ഒരു കരയ്ക്ക് ഓടിച്ച് എത്തിച്ചതിന്റെ നന്ദി. ജയന്‍ ചേട്ടന്റെ കാറില്‍ പലരും കണ്ണുവെച്ചിട്ടുണ്ട്. അവരോട് ഇത്രമാത്രമേ പറയാനുള്ളു.