ജനവാസമേഖലയിൽ മാലിന്യ സംസ്കരണകേന്ദ്രം; പൂട്ടിച്ച് നാട്ടുകാർ

കൊല്ലം ചിതറയില്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അശാസ്ത്രീയ മാലിന്യ സംസ്കരണകേന്ദ്രം നാട്ടുകാര്‍ പൂട്ടിച്ചു. മാലിന്യവുമായി വന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വകാര്യ വ്യക്തി വാടകയ്ക്ക് നല്‍കിയ സ്ഥലത്ത് ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. ദുര്‍ഗന്ധവും ഈച്ച ശല്യവും രൂക്ഷമായതോടെ നാട്ടുകാര്‍ സംഘടിച്ചു. ആരോഗ്യവകുപ്പിന് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് ജനങ്ങള്‍ സംഘടിച്ച് മാലിന്യം തള്ളല്‍ തടഞ്ഞത്. 

ഹോട്ടലുകളില്‍ നിന്നു മാലിന്യം ശേഖരിച്ച് സംസ്കരിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ കുഴിയെടുത്ത് മാലിന്യം തള്ളുകയായിരുന്നു. പഞ്ചായത്തിന്റെ ഉള്‍പ്പടെ ഒരു അനുമതിയും വാങ്ങിയിരുന്നില്ല. കരാറുകാരനെതിരേയും മാലിന്യം എത്തിച്ച തൊഴിലാളികൾക്കെതിരേയും പൊലീസ് കേസെടുത്തു.