ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യം; പരാതി

ആര്‍ദ്രം പദ്ധതിയില്‍ ഫാര്‍മസിസ്റ്റ് തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യം. ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ഉദ്യോഗാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമനം നടത്തണമെന്നും റാങ്ക് ജേതാക്കള്‍ ആവശ്യപ്പെടുന്നു. 

നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നും ഇരുപത് ശതമാനത്തില്‍ താഴെ മാത്രമേ നിയമനം നടന്നിട്ടുള്ളൂ. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 പരീക്ഷ വന്നതും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും. എന്നാല്‍ ആ പട്ടികയില്‍ നിന്നും വേണ്ടത്ര നിയമനം നടക്കുന്നില്ലെന്നാണ് ആരോപണം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിഭാഗവും പ്രായപരിധി കഴിയുന്നവരായതിനാല്‍ ഇനിയൊരു പരീക്ഷയെഴുതി ജോലി നേടുക അസാധ്യവുമാണ്. ഓഗസ്റ്റ് നാലിന് പട്ടികയുടെ കാലാവധി തീരും. പട്ടികയുടെ കലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.  ആര്‍ദ്രം പദ്ധതിയിലെ മൂന്നു ഘട്ടങ്ങളിലും  ഫാര്‍മസിസ്റ്റുകള്‍ക്ക് വേണ്ട പരിഗണന ലഭിച്ചില്ല. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെല്ലാം ഫാര്‍മസിസ്റ്റുകള്‍ ആവശ്യമാണ്.  തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി സഹായിക്കണമെന്നാണ്  ഉദ്യോഗാര്‍ഥകള്‍ പറയുന്നത്.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടാകും എന്നാണ് റാങ്ക് ജേതാക്കളുടെ പ്രതീക്ഷ.