രോഹിത്തിന്റെ പഠനം മുടങ്ങില്ല; ടിവിയും ഫോണുമെത്തിച്ച് സുമനസുകൾ

ഓണ്‍ലൈന്‍ പഠനത്തിനു ടി.വിയും ഫോണുമില്ലാത്ത മൂന്നാംക്ലാസ് വിദ്യാര്‍ഥിയ്ക്കു സഹായവുമായി സുമനസ്സുകളെത്തി. രോഹിത്തിനു പഠനത്തിനായി ടിവിയും ഫോണും വീട്ടിലെത്തിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ വെങ്ങാനൂര്‍ എല്‍പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി രോഹിത്തിന്‍റെ ദുരിതപഠനം മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

രോഹിത്തിനു ഇനി ഓണ്‍ലൈന്‍ പഠനം നടത്താം, വിക്ടേഴ്സ് ചാനല്‍ കണ്ട് പഠനവും ആസ്വദിക്കാം. മനോരമ ന്യൂസ് വാര്‍ത്തകണ്ട് നിരവധി പേരാണ് രോഹിത്തിനു സഹായമനസുമായെത്തിയത്.  പൊതു പ്രവര്‍ത്തകനായ രാജന്‍ അമ്പൂരി ഫോണും ,ലയണ്‍സ്ക്ലബ് ടി.വിയും രോഹിത്തിന്‍റെ വീട്ടിലെത്തിച്ചു. മകന്‍റെ പഠനത്തിനു കൈത്താങ്ങായവര്‍ക്കുള്ള സ്നേഹത്തിനു അമ്മ സുകന്യയുടെ മറുപടിയിങ്ങനെ.

ഓണ്‍ലൈന്‍ പഠനത്തിനായി രോഹിത്തിനു ആകെയുണ്ടായിരുന്നത് അമ്മ സുകന്യയുടെ കയ്യിലുള്ള പഴയ ഫോണായിരുന്നു. ഇതില്‍ കൂടി ഓണ്‍ലൈന്‍ പഠനം സാധ്യമായിരുന്നില്ല. ഉള്ള ടി.വി ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിക്ടേഴ്സ് നടത്തുന്ന ക്ലാസും കാണാന്‍ കഴിഞ്ഞിരുന്നില്ല. പരിധിയ്ക്കു പുറത്തായ രോഹിത്തിന്‍റെ ഈ ഓണ്‍ലൈന്‍ പഠനമാണ് മനോരമ ന്യൂസ് കഴിഞ്ഞദിവസം ലോകത്തിനു മുന്നില്‍ വെച്ചത്.