കോഴ ആരോപണം തിരിച്ചടിച്ചു; അഴിക്കോട്ട് ലീഗിന്റെ വിലയിരുത്തൽ

പ്ലസ് ടു കോഴ ആരോപണവും അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജിയുടെ തോല്‍വിക്ക് കാരണമായെന്ന് മുസ്്ലിം ലീഗിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. യുഡിഎഫ് സ്വാധീന മേഖലകളില്‍ വോട്ടുചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനും തീരുമാനം.  രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരം നടന്ന അഴീക്കോട് കെ എം ഷാജി തോറ്റത് യുഡിഎഫിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. അതുകൊണ്ടാണ് പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ മുസ്്ലിം ലീഗ് തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു തവണയും കെ എം ഷാജിയുടെ പ്രതിച്ഛായയായിരുന്നു അനുകൂല ഘടകം. അതിന് മങ്ങലേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കും. ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ കാരണം വോട്ടു ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് ജില്ല നേതൃത്വത്തിന്‍റെ നിഗമനം. എന്നാല്‍ മുന്നണി സംവിധാനത്തില്‍ പാളിച്ചയുണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ബൂത്തുതല കണക്കുകള്‍ പരിശോധിച്ചു വരികയാണ്. മുസ്്ലിം ലീഗിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ജില്ല നേതൃത്വത്തിനെതിരെയുണ്ടായിരുന്ന വികാരം തോല്‍വിക്ക് കാരണമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.