‘വോട്ടുകച്ചവടം പാര്‍ട്ടി അന്വേഷിക്കണം’; ബിജെപി നേതൃത്വത്തോട് മുഖ്യമന്ത്രി

ബിജെപി വോട്ട് മറിഞ്ഞതില്‍ സാമ്പത്തിക താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ നേതൃതലത്തില്‍ത്തന്നെ ധാരണകളുണ്ടാക്കിയെന്ന് വ്യക്തം. ഇത് ബിജെപി നേതൃത്വം അന്വേഷിക്കണം. വോട്ട് കച്ചവടത്തെക്കുറിച്ച് സര്‍ക്കാരല്ല, ബിജെപി നേതൃത്വം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയാക്കി നിര്‍ത്താന്‍ ശ്രമിക്കണം. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവരെ കാട്ടി പണം വാങ്ങി വോട്ട് മറിക്കുന്നത് അധാര്‍മികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്ന ആരോപണം ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ദ പ്രസില്‍ രംഗത്തെത്തിയത്. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി.  യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. 90 മണ്ഡ‍ലങ്ങളില്‍ ബിജെപിക്ക് 4,28,500 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ല? 'പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണ് ബിജെപിയുടെ നിലയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കോവളം, കടുത്തുരുത്തി, പാലാ, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടുകണക്ക് എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആരോപണം. പാലായില്‍ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപിക്ക് പതിനയ്യായിരത്തോളം വോട്ടുകുറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ഒരു പാര്‍ട്ടി സ്വന്തം വോട്ട് കച്ചവടം ചെയ്തു.