‘എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ..’; പൊട്ടിക്കരഞ്ഞ് അമ്മ; പൊള്ളുന്ന കണ്ണീര്‍

suma-death
SHARE

മുതലമട:  ‘‘എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ....’’ – സുമയുടെ മൃതദേഹം അവസാനമായി ഒരു നോക്കു കാണാനുള്ള അമ്മ രുഗ്മണിയുടെ വേവലാതി കുറ്റിപ്പാടം മണലിയെ കണ്ണീരിലാഴ്ത്തി. മകളെ വീട്ടിലാക്കി മുതലമട പുളിയന്തോണിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയ രുഗ്മണി വീട്ടിൽ തിരിച്ചെത്തും മുൻപേ മകളുടെ വേർപാടിന്റെ വിവരമെത്തി. കാണാൻ പോലും ഒന്നും അവശേഷിപ്പിക്കാതെയാണു മരണം. മുറിക്കുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ട സുമയുടെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ തനിക്കൊപ്പം പിറന്നവളെ കാണാനാകാതെ ബന്ധുക്കളുടെ കൈകളിൽ കിടന്ന് അലറിവിളിച്ച സുമയുടെ ഇരട്ട സഹോദരി സുധയുടെ കണ്ണീർ നാടിന്റെയും കണ്ണീരായി.

സംസാരശേഷിയില്ലാത്ത സുമ സൗമ്യമായ പെരുമാറ്റത്തിലൂടെ നാടിന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. സർക്കാർ ജോലി ലക്ഷ്യമിട്ടു പിഎസ്‌സി പഠനവും കംപ്യൂട്ടർ പഠനവും നടത്തിയിരുന്നതായി പറയുമ്പോൾ സഹോദരൻ സുധീഷിന്റെ തൊണ്ടയിടറി. ഇരട്ട സഹോദരി സുധയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മാർച്ച് 28നു ചിറ്റൂർ സ്വദേശിയുമായാണ് സുമയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നത്. വീടു പൂർണമായും കത്തിനശിച്ചതു കണക്കിലെടുത്തു പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു കുടുംബാംഗങ്ങളെ മണലിയിലെ അങ്കണവാടി കെട്ടിടത്തിലേക്കു മാറ്റി.

കൊല്ലങ്കോട് അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ആർ. രമേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ. മധു, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ എം. കൃഷ്ണപ്രസാദ്, എസ്. രാജീവ്, എസ്. ശിവകുമാർ, ഡ്രൈവർ എസ്. സഞ്ജീവ്കുമാർ എന്നിവർ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിൽ പങ്കാളികളായി. ചിറ്റൂർ ഡിവൈഎസ്പി കെ.സി. സേതു, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊല്ലങ്കോട് എസ്ഐ കെ. ഷാഹുൽ, സയന്റിഫിക് ഓഫിസർമാരായ ടി.വി. അനുനാഥ്, പി.കെ. മുഹമ്മദ് ഹാഷിൻ, ഫൊറൻസിക് ഫൊട്ടോഗ്രഫർമാരായ എം. സഗീർഹുസൈൻ, വി.കെ. രജീഷ് എന്നിവർ സംഭവ സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ചിറ്റൂർ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...