വാഹനം പെട്ടെന്നു മുന്നോട്ടെടുത്തു; റോഡിലേക്കു വീണ് സ്ഥാനാർഥിക്കു പരുക്ക്

താമരശ്ശേരി: കൊടുവള്ളി മണ്ഡലം എൽഡിഎഫ്  സ്ഥാനാർഥി കാരാട്ട് റസാഖിനു പ്രചാരണ റോഡ്ഷോയ്ക്കിടെ വാഹനത്തിൽ നിന്നു വീണു പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലാണ് അപകടം. റോഡിലേക്കു വീണ് തലയ്ക്കും മുഖത്തും  പരുക്കേറ്റ റസാഖിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്  പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുറന്ന വാഹനത്തിലെത്തിയ കാരാട്ട് റസാഖിനൊപ്പം  സെൽഫി എടുക്കാനായി മൂന്നു കുട്ടികൾ  വാഹനത്തിൽ കയറിയപ്പോൾ പെട്ടെന്നു ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണത്രെ അപകട കാരണം.  കുട്ടികളെ വീഴാതെ  പിടിക്കുന്നതിനിടയിൽ റസാഖും വാഹനത്തിൽ നിന്നു താഴേക്കു വീഴുകയായിരുന്നു. കുട്ടികൾ വീണെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു.