വികസനത്തിന് വോട്ട് തേടി മോൻസ് ജോസഫ്; വെല്ലുവിളി ഉയർത്താൻ തലപുകച്ച് ഇടത് ക്യാംപ്

mons-28
SHARE

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്തുരുത്തിയിൽ പ്രചാരണം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫ്. രാഷ്ട്രീയത്തിനപ്പുറം കടുത്തുരുത്തിയിൽ നടപ്പിലാക്കിയ സമഗ്ര വികസനത്തിനാണ് മോൻസ് വോട്ടു തേടുന്നത്. മോൻസിനെ പിടിച്ചുകെട്ടാനുള്ള  സ്ഥാനാർഥിക്കായി തലപുകയ്ക്കുകയാണ് ജോസ് കെ മാണിയും ഇടതുമുന്നണിയും. 

മോൻസിന്റെ സ്ഥാനാർഥിത്വം ഐശ്വര്യ കേരളയാത്രയുടെ കടുത്തുരുത്തിയിലെ സ്വീകരണ വേദിയിൽ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതാണ്. അതു കൊണ്ട് തന്നെ കർഷകസമരത്തിന്  പിന്തുണയർപ്പിച്ച് കടുത്തുരുത്തിയിൽ നടന്ന സമ്മേളനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വഴിമാറി. ജോസ് കെ മാണി ഉയർത്തുന്ന വെല്ലുവിളി ജനസമ്മതികൊണ്ടും വികസന നേട്ടങ്ങൾകൊണ്ടും അതിജീവിക്കുമെന്ന് മോൻസ് ജോസഫ്. 

2016ൽ എൽഡിഎഫിന്റെ സ്കറിയ തോമസിനെ നാൽപ്പത്തിരണ്ടായിരത്തിലേറെ വോട്ടിനാണ് മോൻസ് പരാജയപ്പെടുത്തിയത്. 2011ൽ നിലവിൽ ജോസിന്റെ വിശ്വസ്തനായ സ്റ്റീഫൻ ജോർജിനെ പരാജയപ്പെടുത്തിയത് ഇരുപത്തി മൂവായിരത്തിലേറെ വോട്ടിന്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ് കാൽ ലക്ഷത്തിലേറെ വോട്ടുകൾ. ജോസിന്റെ മുന്നണി മാറ്റത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷം  പ്രതീക്ഷ നൽകുമ്പോഴും മോൻസിനെ തളയ്ക്കാൻ പറ്റിയ സ്ഥാനാർഥി എൽഡിഎഫ് ക്യാംപിലില്ല. ജോസിനാണ് സീറ്റെങ്കിലും പൊതുസമ്മതരെ കൂടി ഇടതു മുന്നണി പരിഗണിക്കുന്നുണ്ട്. മുൻ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ്, ഇടതു സഹയാത്രികൻ റെജി ലൂക്കോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...