അതിർത്തിയിൽ പരിശോധനയും ചുരം ഇടിഞ്ഞതും; വഴിമുട്ടി വയനാട്ടുകാർക്ക് യാത്രാദുരിതം

wayanad
SHARE

അയൽ സംസ്ഥാനങ്ങൾ കോവിഡ് പരിശോധന കർശനമാക്കിയതും താമരശേരി ചുരം ഇടിഞ്ഞതും കാരണം യാത്രാദുരിതത്തിൽ വയനാട്ടുകാർ. തടസങ്ങളില്ലാത്ത മൂന്ന് വഴികൾ മാത്രമാണ് വയനാട്ടുകാർക്ക് ജില്ലയ്ക്ക് പുറത്തേക്ക് പോകാനുള്ളത്. 

കോഴിക്കോടേക്കുള്ള കുറ്റ്യാടി ചുരം. കണ്ണൂരേക്കുള്ള പാൽച്ചുരം നെടുംപൊയിൽ ചുരം. ഈ മൂന്ന് ചുരങ്ങളാണ് നിലവിൽ വയനാട്ടുകാർക്ക് തടസങ്ങളില്ലാതെ നിലവിൽ പുറത്തേക്ക് പോകുന്നുള്ള മാർഗങ്ങൾ. പക്ഷേ കൽപറ്റ, ബത്തേരി ഭാഗത്തുള്ളവർക്ക് ഈ ചുരങ്ങൾ വഴി പോകാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം.

നവീകരണത്തിനിടെ താമരശേരി ചുരം ഇടിഞ്ഞതാണ് വയനാട്ടിലേക്കുള്ള പ്രധാന വഴി ഭാഗികമായി അടയാൻ കാരണം. ചുരം ഇടിഞ്ഞതിന്റെ ഇരുവശംവരെ കെ എസ് ആർ ടി സി മിനി ബസുകൾ ഓടുന്നുണ്ട്. എന്നാൽ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിൽ ചുരത്തിലേക്ക് സർവീസില്ല. ചുരം കയറാനും ഇറങ്ങാനും ഓട്ടോറിക്ഷയും ജീപ്പും മാത്രമാണ് ആശ്രയം. 

വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് പോകുന്നത്. തമിഴ്നാടും കർണാടകവും ആയി അതിർത്തി പങ്കിടുന്ന ഏക ജില്ലയായ വയനാടിന് അവിടേക്കും സഞ്ചാര സ്വാതന്ത്ര്യമില്ല. കർണാടക വയനാട് അതിർത്തികളായ കുട്ട, ബാവലി, മൂലഹള്ള എന്നിവിടങ്ങളിൽ കർശന പരിശോധനയാണ്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റില്ലെങ്കിൽ അതിർത്തി കടക്കാനാവില്ല.

തമിഴ്നാട് അതിർത്തികളായ പാട്ടവയൽ, താളൂർ, ചോലാടി എന്നിവിടങ്ങളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റും ഇ-പാസും വേണം. വയനാട്ടിലെത്തി മടങ്ങുന്ന തമിഴ്നാട് സ്വദേശികൾക്ക് അതിർത്തിയിൽ വച്ചു തന്നെ കോവിഡ് പരിശോധനയും നടത്തും. തമിഴ്നാട്ടിലൂടെ പോകേണ്ടതിനാൽ മലപ്പുറത്തേക്കുള്ള നാടുകാണി ചുരവും ഉപയോഗപ്പെടുത്താനാവില്ല.

MORE IN KERALA
SHOW MORE
Loading...
Loading...