പിണറായി 38.5%; ഉമ്മൻ ചാണ്ടി 27; മമതയും സ്റ്റാലിനും ശശികലയും: സർവേ

pinarayi-oommen-mamtha
SHARE

തിരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ചിടങ്ങളിൽ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന എബിപി ന്യൂസ്–സിവോട്ടർ സർവേ  ചോദ്യത്തിന് കേരളത്തിൽ 38.5 ശതമാനം പേർ മറുപടി നൽകിയത് പിണറായി വിജയൻ എന്നാണെന്ന് റിപ്പോർട്ട്. 27 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. കെ.കെ ശൈലജ ടീച്ചറെ 6.9 ശതമാനം പേരും ശശി തരൂരിനെ 5.2 ശതമാനം പേരും പിന്തുണച്ചു. 

തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനെ 32.1 ശതമാനം പേർ പിന്തുണച്ചപ്പോൾ 7.8 ശതമാനം േപർ ശശികലയെ പിന്തുണയ്ക്കുന്നു എന്നത് ശ്രദ്ധേയമായി. 3.2 ശതമാനം പേർ രജനികാന്തിന്റെ പേരാണ് അടുത്ത തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ബംഗാളിൽ 54.5 ശതമാനം പേരും മമത ബാനർജിയെ പിന്തുണയ്ക്കുകയാണ്. 

കേരളത്തില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കുന്ന സര്‍വേ, ബംഗാളിൽ മമതയെ തുണക്കുന്നു‍. ബിജെപി സ്വപ്നങ്ങൾ പൂവിടില്ലെന്ന പ്രവചനവുമായാണ് സര്‍വേ. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരുമെന്ന് സർവേ പ്രവചിക്കുന്നു. 148 മുതൽ 164 സീറ്റ് വരെ നേടി മമത ഭരണം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ബിജെപിക്ക് 92 മുതൽ 108 സീറ്റ് വരെ കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന് 31 മുതല്‍ 39 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു. 

അസമിലും പുതുച്ചേരിയിലും ബിജെപി നേതൃത്വം െകാടുക്കുന്ന മുന്നണി വിജയിക്കുമെന്നാണ് റിപ്പോർട്ട്. പുതുച്ചേരിയില്‍ ഇതാദ്യമായാണ് ബിജെപി മേല്‍ക്കൈ വരുന്നത്. ഈയിടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. തമിഴ്നാട്ടിൽ ഡിഎംകെ–കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചുവരുെമന്നും സർവേ പ്രവചിക്കുന്നു. 154–162 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58–66 സീറ്റുകൾ ലഭിക്കുമെന്നും കമലിന്റെ മക്കൾ നീതി മയ്യം 2–6 സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. 

കേരളത്തിൽ എൽഡിഎഫ് ഭരണതുടർച്ച നേടുമെന്ന് എബിപി ന്യൂസ്–സിവോട്ടർ സർവേ റിപ്പോർട്ട് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ: 83 മുതൽ 91 സീറ്റുകൾ വരെ നേടി പിണറായി സർക്കാർ ഭരണത്തുടർച്ച നേടുമെന്നാണ് സർവേ പ്രവചനം. യുഡിഎഫിന് 47 മുതൽ 55 സീറ്റുകൾ വരെ ലഭിക്കുമെന്നും ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സർവേ പ്രവചനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...