36.1 ഡിഗ്രി സെൽഷ്യസ് ചൂട്; പാലക്കാട് പരുന്തുകൾ കുഴഞ്ഞുവീഴുന്നു

 പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞുവീഴുന്നതായി റിപ്പോര്ട്ട്. പാലക്കാട് നഗരത്തിലും പരിസരത്തുമായി ഒരാഴ്ചയ്ക്കിടെ പത്തിലധികം പരുന്തുകൾ ഇത്തരത്തിൽ താഴേക്കു പതിച്ചു. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി. ഉച്ചസമയത്താണു വീഴ്ച. 2 ദിവസത്തെ പരിചരണത്തിനുശേഷം ഇവ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. നഗരത്തിൽ ഇന്നലെയും ഒരു പരുന്ത് പറക്കുന്നതിനിടെ താഴേക്കു പതിച്ചു. വിവരം അറിഞ്ഞെത്തിയ വടക്കന്തറ സ്വദേശി പി.അച്യുതാനന്ദൻ പക്ഷിയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. 

പരുന്തുകൾ കുഴഞ്ഞു വീഴുന്നത് ശ്രദ്ധയിൽപെട്ടതായും രക്തപരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചെന്നും മൃഗസംരക്ഷണ വകുപ്പ് ജില്ലാ പിആർഒ ഡോ.ജോജു ഡേവിസ് അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചാലേ കാരണം വ്യക്തമാകൂ. ചൂടു കൂടിയാലും ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്. 

പാലക്കാട് ജില്ലയിൽ ഇന്നലെ ഔദ്യോഗികമായി രേഖപ്പെടുത്തിയ കൂടിയ ചൂട് 36.1 ഡിഗ്രി സെൽഷ്യസ്, കുറഞ്ഞ താപനില 23.9 ഡിഗ്രി, ആർദ്രത 47% എന്നിങ്ങനെ രേഖപ്പെടുത്തി. മലമ്പുഴയിലെ ജലവിഭവ വകുപ്പിന്റെ താപമാപിനിയിൽ നിന്നുള്ള കണക്കാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഔദ്യോഗികമായി സ്വീകരിക്കുന്നത്. അതേസമയം, മുണ്ടൂർ ഐആർടിസിയിൽ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രിയുമാണ്. ആർദ്രത 41%.