ചിക്കൻഫ്രൈ കിട്ടിയില്ല; കലി‌പൂണ്ട് വടിവാൾ വീശി അക്രമം; പണം അപഹരിച്ചു; വിഡിയോ

hotel-attack
SHARE

ഏറ്റുമാനൂർ: ചിക്കൻ ഫ്രൈ ലഭിക്കാത്ത ദേഷ്യത്തിൽ വടിവാൾ വീശി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച ശേഷം പണം അപഹരിച്ച് കടന്നു. ഞായറാഴ്ച രാത്രി 12ന് എംസി റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനു സമീപം താരാ ഹോട്ടലിലാണ്  നാടകീയ സംഭവങ്ങൾ.അമ്മഞ്ചേരി നാൽപാത്തിമല സ്വദേശി ക്രിസ്റ്റിക്ക് (ജംപർ ക്രിസ്റ്റി– 26) എതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

ചിക്കൻ ഫ്രൈ ചോദിച്ചാണ് ഇയാൾ എത്തിയത്. ഭക്ഷണം തീർന്നെന്നും ഹോട്ടൽ‍ അടയ്ക്കാൻ പോകുകയാണെന്നും ഉടമ രാജു ജോസഫ് പറഞ്ഞു. ഇതോടെ അസഭ്യം പറഞ്ഞ് വടിവാളു വീശി കടയിലേക്കു കയറി. മേശയ്ക്കു മുകളിൽ വിരിച്ച ഗ്ലാസ് തകർത്തു. രാജുവിനും ജീവനക്കാർക്കും നേരെ വടിവാൾ വീശി. ഹോട്ടലിലെ വെട്ടുകത്തി കൈക്കലാക്കി ജീവനക്കാരെ വെട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.  ജീവനക്കാർ ഇറങ്ങിയോടി. കാഷ് കൗണ്ടറിൽ നിന്നു പണം തട്ടിയ ശേഷം, ഹോട്ടലിനു സമീപം കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാൾ ബൈക്കിൽ കടന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പ്രതിയെ തിരിച്ചറിഞ്ഞത്. 

പട്ടിത്താനത്ത് എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഏറ്റുമാനൂർ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാളെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു.പരുക്കേറ്റ രാജു, ജീവനക്കാരൻ തമിഴ്നാട് സ്വദേശി വിജയ് (41) എന്നിവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഹോട്ടൽ കഴുകി വൃത്തിയാക്കുന്നത് പതിവാണെന്നും അതിനാലാണ്  അടയ്ക്കാൻ താമസിച്ചതെന്നും രാജു പറഞ്ഞു.

ഇന്നു കടകളടച്ച്  പ്രതിഷേധം

ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് ഇന്നു കടയടപ്പു സമരം നടത്തും. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു യൂണിറ്റ് പ്രസിഡന്റ് എൻ.പി. തോമസ് ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...