റോഡ് നിർമാണത്തിന് 'വൈറ്റ് ടോപ്പിങ്; പുത്തൻ സാങ്കേതിക വിദ്യ; ആദ്യഘട്ടം ആലപ്പുഴയിൽ

സംസ്ഥാനത്ത് ആദ്യമായി വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആലപ്പുഴയിലെ നഗരപാത വികസന പദ്ധതിയുടെ ഭാഗമായാണ് നിർമാണം തുടങ്ങിയത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പാതകളിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി സുധാകരൻ പറഞ്ഞു .

ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലും മന്ത്രി തന്നെ മുണ്ട് മടക്കികുത്തി അടുത്തപണി തുടങ്ങി. സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രേജക്ടിൽ ഉൾപ്പെടുത്തി മുപ്പത്തി ഒന്നര കി.മീറ്റർ ദൂരത്തിലാണ് പാത പുതുക്കി പണിയുന്നത് . 55 കോടി രൂപയ്ക്ക് 20 റോഡുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 13 റോഡുകളിലാണ് വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്നത്. 25 കോടി രൂപയാണ് ചെലവ്. 30 വർഷമാണ് വൈറ്റ് ടോപ്പിംഗ് ചെയ്യുന്ന റോഡുകളുടെ കാലാവധി. 

ആലപ്പുഴ കലക്ട്രേറ്റ്  റോഡിലാണ് ആദ്യപ്രവർത്തിയുടെ ഭാഗമായി മില്ലിങ് തുടങ്ങിയത്. ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും PWD റോഡുകളിൽ ഇതേ സാങ്കേതികവിദ്യയിൽ നിർമാണം നടക്കും. ചെലവ് അല്പം കൂടുതൽ ആണെങ്കിലും റോഡുകൾ വർഷങ്ങളോളം ഈട് നിൽക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ ലാഭകരമാണ്