‘ഇവിടെ പതാക പോലും ഉയർത്തിയില്ലല്ലോ’; കേരള സർക്കാരിനോട് രോഷത്തോടെ തരൂർ

റിപ്പബ്ലിക്ക് ദിനത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂർ. 'കേരളസർക്കാരിന് റിപ്പബ്ലിക്ക് ദിനത്തിൽ ഇവിടെ ഒരു ത്രിവർണ പതാക പോലും ഉയർത്താനായില്ലല്ലോ, കഷ്ടം' എന്നെഴുതിയാണ് തരൂര്‍ സർക്കാരിനെ വിമർശിച്ചത്. 2013ൽ തരൂർ തന്നെ സ്ഥാപിച്ച തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലെ ഉയരമുളള കൊടിമരത്തിൽ ഇത്തവണ ത്രിവർണപതാക ഉയർത്തിയിരുന്നില്ല. ഇതാണ് തരൂർ രോഷത്തോടെ ചൂണ്ടിക്കാട്ടുന്നത്. കനകക്കുന്ന് കൊട്ടാരത്തിലെ കൊടിമരത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു.

അതേസമയം സംസ്ഥാന സർക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങളോടെ നടത്തി. ഒന്‍പതു മണിക്ക് മുഖ്യമന്ത്രിയേയും വിശിഷ്ടാതിഥികളേയും സാക്ഷികളാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തി. സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മലയാളത്തില്‍ തുടങ്ങി നീതി ആയോഗിന്റെ ദേശീയ സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാമതെത്തിയത്, സാമൂഹിക അടുക്കള, സൗജന്യ കിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു ഗവര്‍ണര്‍. ‍കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയിലെ വീട്ടിലും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എം.എന്‍ സ്മാരകത്തിലും പതാക ഉയര്‍ത്തി. തിരുവനന്തപുരത്ത് റയില്‍വേ ആസ്ഥാനത്ത് ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ആര്‍ മുകുന്ദും കൊച്ചി നാവികസേന ആസ്ഥാനത്ത് ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.കെ.ചാവ്്ലയും പൊലീസ് ആസ്ഥാനത്ത് എ ഡി ജി പി മനോജ് എബ്രഹാമും പതാക ഉയര്‍ത്തി.