നമ്പർ പ്ലേറ്റില്ലാതെ വിവാഹ വാഹനം; 'ജസ്റ്റ് മാരീഡി' നെ കയ്യോടെ പൊക്കാൻ ആർടിഒ

വിവാഹദിവസം വധൂവരൻമാർക്ക് യാത്ര ചെയ്യാൻ നമ്പർപ്ലേറ്റ് മറച്ച് വാഹനമൊരുക്കിയതിനെതിരെ നടപടിയുണ്ടാകും. പാലക്കാട് യാക്കര ഭാഗത്ത് നിന്നുമാണ് 'ജസ്റ്റ് മാരീഡ്' ബോർഡ് വച്ച ബെൻസ് കാർ  സമൂഹമാധ്യമങ്ങളിൽ വൈറലായത്. യാക്കരയിൽ നിന്ന് പകർത്തിയ വിഡിയോയും ചിത്രങ്ങളും വൈറലായതോടെ മോട്ടോർ വാഹന വകുപ്പിനും വിഡിയോ കിട്ടി.

വണ്ടിയുടെ ഗ്ലാസിൽ നൽകിയിരുന്ന മൊബൈൽ നമ്പർ വഴി ഉടമയെ കണ്ടെത്താമെന്നും കയ്യോടെ പൊക്കാമെന്നുമാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. അതേ സമയം ഇതേ വാഹനം തന്നെ നേരത്തെ നിയമലംഘനം നടത്തിയതിന് പിടികൂടിയിട്ടുണ്ടെന്നു സംശയിക്കുന്നതായി പാലക്കാട് ആർടിഒ പി. ശിവകുമാർ പറഞ്ഞു. അന്ന് 20 ദിവസത്തോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് വാഹനം വിട്ടു നൽകിയത്. അതേ വാഹനമാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് പകരം ചുവന്ന ബോർഡ് ഘടിപ്പിച്ചത്.