‘തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു’; ആക്ഷേപിച്ച് ജോസഫൈന്‍

‘89 വയസുള്ള അമ്മയെ കൊണ്ട് വനിതാ കമ്മിഷന് പരാതി കൊടുപ്പിച്ച നിങ്ങളെ എന്താണ് പറയേണ്ടത്. 89 വയസുള്ള തള്ളയേയും െകാണ്ട് പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു...?’ ഈ ചോദ്യം ചോദിക്കുന്നത് സംസ്ഥാനത്തിന്റെ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനാണ്. ചോദിക്കുന്നത് പരാതിക്കാരിയുടെ ബന്ധുവിനോടും. പരാതി കൊടുത്തിട്ടുണ്ടെങ്കിൽ കമ്മിഷൻ വിളിപ്പിക്കും. അപ്പോൾ വരണമെന്നുമുള്ള ധിക്കാരം നിറഞ്ഞ മറുപടിയാണ് കമ്മിഷൻ അധ്യക്ഷ നൽകുന്നത്. വിഡിയോ സ്റ്റോറി കാണാം. 

വല്ല്യമ്മയ്ക്ക് ഒട്ടും വയ്യെന്ന് പറയുമ്പോള്‍ പിന്നെന്തിനാണ് പരാതി കൊടുക്കാന്‍ പോയത് എന്നാണ് മറുചോദ്യം. പൊലീസ് നടപടിയെടുക്കാത്തതിനാലാണ് പരാതി നല്‍കിയത് എന്നും ബന്ധു വിശദീകരിക്കുന്നു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ വിളിപ്പിക്കും. നിങ്ങള്‍ക്ക് വരികയോ വരാതിരിക്കുകയോ ആകാം– ജോസഫൈന്‍ പറഞ്ഞു. 

89വയസുള്ള ലക്ഷ്മിക്കുട്ടിയമ്മയെ അയൽവാസി വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. ഇവരെ അടൂരിൽ ഹാജരാക്കാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഇത്ര ദൂരം യാത്ര ചെയ്യാൻ പറ്റില്ലെന്ന് പറയാൻ വിളിച്ച ബന്ധുവിനോടാണ് ജോസഫൈൻ തട്ടിക്കയറുന്നത്. ഇതൊക്കെ പൊലീസ് സ്റ്റേഷനിൽ െകാടുത്താ പേരെ, എന്തിനാണ് വനിതാ കമ്മിഷനിൽ െകാടുത്തത് എന്നായിരുന്നു പ്രതികരണം.