കൊതുക് നിര്‍മാര്‍ജനത്തിന് കൊച്ചിയിൽ കര്‍മപദ്ധതി; കാനകള്‍ വൃത്തിയാക്കാന്‍ ഒരു ലക്ഷം രൂ‌പ

കൊതുക് നിര്‍മാര്‍ജനത്തിനായി പ്രത്യേക അടിയന്തര കര്‍മപദ്ധതിക്ക് രൂപം നല്‍കി കൊച്ചി നഗരസഭ. നാല് ദിവസത്തിനകം ഡിവിഷന്‍‌ കമ്മറ്റികള്‍ക്ക് രൂപം 

നല്‍കി സ്പെഷല്‍ ഡ്രൈവിന് തയാറെടുക്കാന്‍ മേയര്‍ എം.അനില്‍കുമാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ ഭരണസമിതിയുടെ ആദ്യ കൗണ്‍സിലില്‍ ഒാരോ ഡിവിഷനിലും കാനകള്‍ വൃത്തിയാക്കാന്‍ ഒരു ലക്ഷം രൂ‌പ പ്രത്യേകം അനുവദിച്ചാണ് നഗരസഭയുടെ നടപടി. 

ശനിയാഴ്ച നടക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെ കൊതുക് നിര്‍മാര്‍ജനത്തിന് ആദ്യ പരിഗണന നല്‍കി സജീവമാകാനാണ് മേയര്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം. 28ന‌കം വാര്‍ഡ് കമ്മിറ്റികള്‍ കൂടണം. സ്പ്രേയിങ് ഉള്‍പ്പടെയുള്ള മാസ് വര്‍ക്ക് നടത്താനാണ് തീരുമാനം. ഡോക്ടര്‍മാര്‍ 

ഉള്‍പ്പടെ നല്‍കിയ ചില മുന്നറിയിപ്പുകള്‍ പരിഗണിച്ച് ഫോഗിങ് തല്‍ക്കാലം നടത്തില്ല. കൊതുക് നിര്‍മാര്‍ജനത്തിനായി കൂടുതല്‍ നടപടി എടുക്കുന്നതിനും വിലയിരുത്തുന്നതിനുമായി പ്രത്യേക കൗണ്‍സില്‍ ചേരുമെന്നും മേയര്‍ പറഞ്ഞു.

അദാനിയുടെ ഗ്യാസ പൈപ്്ലൈന്‍ പദ്ധതിയോട് പൂര്‍ണ സഹകരണമാണെങ്കിലും കരാറിലെ വ്യവസ്ഥകള്‍ കൗണ്‍സില്‍ അംഗങ്ങളെ 

ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൈപ്് ലൈന്‍ സ്ഥാപിക്കാനായി കുഴിക്കേണ്ടിവരുന്ന  സ്ഥലങ്ങള്‍‍ പുര്‍വസ്ഥിതിയിലാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വേണം. 

ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇതിനിടെ നഗരസഭയുടെ ഒാഫീസുകളില്‍നിന്ന് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലംമാറ്റിയതില്‍ രാഷ്ട്രീയ ഇടപെടല്‍ പ്രതിപക്ഷം ആരോപിച്ചെങ്കിലും മേയര്‍ നിഷേധിച്ചു.