വയനാട് മെഡിക്കല്‍ കോളജ് അനിശ്ചിതത്വത്തില്‍; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ യുഡിഎഫ്

വയനാട് മെഡിക്കൽ കോളേജിനായി ബജറ്റിൽ 300 കോടി രൂപ വകയിരുത്തിയെങ്കിലും എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അഞ്ചു വർഷമായിട്ടും ആശുപത്രി സ്ഥാപിക്കാനാകാത്തത് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുകയാണ് യുഡിഎഫ്. നേരത്തെ  മടക്കിമലയിൽ സൗജന്യമായി ലഭിച്ച അമ്പതേക്കർ ഭൂമിയിൽ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയും സമരത്തിനിറങ്ങുകയാണ്. 

കഴിഞ്ഞ ബജറ്റിൽ വയനാട് മെഡിക്കൽ കോളജിനായി കിഫ്‌ബി വകയിരുത്തിയത് 630 കോടി രൂപ. പക്ഷെ ഒന്നും നടന്നില്ല. സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം  ഉപേക്ഷിക്കുകയും ചെയ്തു. ഇക്കുറി മുന്നൂറ്‌ കോടി രൂപയാണ് വകയിരുത്തിയത്. പക്ഷെ എവിടെ സ്ഥാപിക്കും എന്നതിനെക്കുറിച്ച് തീരുമാനമായില്ല. മാനന്തവാടി ജില്ലാശുപത്രിയുടെ അടുത്ത പ്രദേശമായ ബോയ്സ് ടൗണിൽ നേരത്തെ  ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കണ്ടു വെച്ച 65 ഏക്കർ ഭൂമിയുണ്ട്. ഇവിടെ മെഡിക്കൽ കോളേജ് നിർമ്മിക്കാമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ചുണ്ടേൽ ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കവും കഴിഞ്ഞ വർഷം നടത്തിയിരുന്നു.  എന്നാൽ ഏതു പരിഗണിക്കണം എന്നതിനെക്കുറിച്ച് തീരുമാനം വന്നിട്ടില്ല. അടുത്ത വർഷം മെഡിക്കൽ കോളേജ് യാഥാർഥ്യമാകുമെന്ന് സിപിഎം ഉറപ്പിച്ചു  പറയുന്നു. 

എന്നാൽ വാഗ്ദാനലംഘനങ്ങൾ പ്രചാരണവിഷയമാക്കുകയാണ് കോൺഗ്രസ്. അഞ്ചു വർഷമായി സർക്കാർ വയനാടിനെ വഞ്ചിക്കുന്നു എന്നാണ് ആരോപണം  യുഡിഎഫ് കാലത്ത് സൗജന്യമായി ലഭിച്ച മടക്കിമല ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്നവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതിപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്  മടക്കിമലയിൽ ലഭിച്ച ഭൂമി ഈ  സർക്കാർ ഉപേക്ഷിച്ചത്