ലോഗോയും ആപ്തവാക്യവും ഗുരുവിന്‍റെ കാഴ്ചപ്പാടിനു വിരുദ്ധം; വിവാദം കൊഴുക്കുന്നു

ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാലയുടെ ലോഗോയെച്ചൊല്ലിയുളള വിവാദം കൊഴുക്കുന്നു. ഗുരുവിന്‍റെ കാഴ്ചപ്പാടിനു വിരുദ്ധമാണ് ലോഗോയും ആപ്തവാക്യവുമെന്ന പരാതിയുമായി പുകസ നേതാവും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. വിവാദം അനാവശ്യമാണെന്നാണ് സി പി എമ്മിൻ്റെ നിലപാട്.

മാനവീയതയുടെയും വൈവിധ്യത്തിന്‍റെയും സമന്വയം എന്ന പേരിലാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം ഈ ലോഗോ പുറത്തിറക്കിയത്. എന്നാല്‍  ലോഗോ വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്നതല്ലെന്നും മോഷ്ട്ടിച്ചതാണെന്നുമാണ് ഒരു പക്ഷം. കെ.സോമപ്രസാദ് എം പി യുടെ പി.എയും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സംസ്ഥാന കൗൺസിൽ അംഗവുമായ ബാബു കെ പന്‍മനയാണ് ചർച്ചകൾ തുടങ്ങി വെച്ചത്.

എന്നാല്‍ ആസ്ഥാന ബുദ്ധിജീവികള്‍ വെറുതെ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.വരദരാജന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു. ലോഗോയ്ക്കെതിരെ ചില ശ്രീനാരായണീയ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ലോഗോ മാറ്റാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നും സർവകലാശാല  അധികൃതര്‍  പ്രതികരിച്ചു.