ഷിബു പറഞ്ഞു ആര്യയെ പറ്റി; നേരിട്ട് വിളിച്ച് മോഹൻലാൽ; റാങ്കുകാരിക്ക് അദ്ഭുതം

lal-shibu-arya
SHARE

അപ്രതീക്ഷിതമല്ല ആര്യയ്ക്ക് ഈ വിജയം. പക്ഷേ, അപ്രതീക്ഷിതമായൊരു സമ്മാനം പിന്നാലെയെത്തിയതിന്റെ വിസ്മയത്തുമ്പത്താണ് ആര്യ. കേരള സർവകലാശാല എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് അഭിനന്ദന പ്രവാഹമാണ് ഇന്നലെ മുതൽ. താനേറെ ആരാധിക്കുന്ന നടനവിസ്മയം മോഹൻലാലിന്റെ വിളി കാതിലെത്തിയതാണ് ആര്യയെ ഏറ്റവുമധികം ആഹ്ലാദിപ്പിച്ചത്.

‘ഒരുപാട് സന്തോഷം. തുടർന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താൻ കഴിയട്ടെ. പ്രാർഥനകൾ, ആശംസകൾ. ഷിബു ബേബിജോൺ പറഞ്ഞാണ് വിവരമറിഞ്ഞത്’ ലാൽ പറഞ്ഞ് നിർത്തി. ആവേശത്തിന്റെ അദ്ഭുത ലോകത്തുനിന്ന് താഴെയിറങ്ങിയ ആര്യയുടെ ആദ്യ പ്രതികരണം: ‘ഇതൊരു സമ്മാനമാണ്. ഷിബു സാർ നൽകിയ വിലപ്പെട്ട സമ്മാനം. റാങ്ക് വിവരമറിഞ്ഞ് ചവറ ചെറുശേരിഭാഗത്തെ പെരുമന തെക്കതിൽ വീട്ടിലെത്തി പൊന്നാടയണിയിച്ച മുൻ മന്ത്രി ഷിബു ബേബിജോൺ ആണു മോഹൻലാലിനെ വിവരമറിയിച്ചത്.

ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച ആര്യയ്ക്ക് ഡിഗ്രിക്ക് നാലാം റാങ്കുണ്ടായിരുന്നു. കൊല്ലം എസ്എൻ കോളജിലെ അധ്യാപകരുടെ പിന്തുണയും പ്രാർഥനയും എന്നും ഒപ്പമുണ്ടായിരുന്നതിനാൽ വിജയപ്രതീക്ഷയ്ക്ക് ഒരിക്കലും മങ്ങലേറ്റിട്ടില്ല. ഓട്ടോ കൺസൾട്ടന്റായ അച്ഛൻ ഉണ്ണിക്കൃഷ്ണൻ നായരും അമ്മ വിജയലക്ഷ്മിയമ്മയും മകൾക്കു പിന്തുണയേകുന്നു.

അമ്മയും ആര്യയും വീട്ടിൽ ട്യൂഷൻ നടത്തുന്നുണ്ട്. ട്യൂഷനിൽനിന്നുള്ള വരുമാനവും സ്കോളർഷിപ്പുകളുമാണ് പഠനത്തിനുപയോഗിച്ചത്. സഹോദരൻ ആകാശ് ഐടിഐ പഠനം പൂർത്തിയാക്കി എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ട്രെയിനിയാണ്. കോളജ് അധ്യാപികയാവുക എന്ന ലക്ഷ്യത്തിനായി പഠനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് റാങ്ക് വാർത്തയെത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...