ആറുതവണ നിയമസഭാംഗം; വിവാദങ്ങളിൽ അടിപതറി; അരനൂറ്റാണ്ടിലെ രാഷ്ട്രീയജീവിതം

ആറു വട്ടം വയനാട്ടില്‍  നിന്ന്  തുടര്‍ച്ചയായി നിയമസഭാസാമാജികത്വമെന്നതാണ്  രാമചന്ദ്രന്‍മാസ്റ്ററുടെ രാഷ്ട്രീയനേട്ടം. ഒരിക്കലെത്തിപ്പെട്ട മന്ത്രിസ്ഥാനം   വിവാദങ്ങളില്‍ കുടുങ്ങിയതോടെ അരനുറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തിനും ഏറെക്കുറെ വിരാമമായി.

കോഴിക്കോടും വയനാടും മലപ്പുറവും ഒന്നായിരുന്ന അവിഭക്തകോഴിക്കോട് ജില്ലയുടെ കാലത്താണ് മാസ്റ്റ്ര്‍ രാഷ്ട്രീയത്തിലെത്തുന്നത്.  അക്ഷരമാലാക്രമത്തില്‍   കോണ്‍ഗ്രസ്  പിരിയുന്നതിനും മുന്പായിരുന്ന  ഇക്കാലത്ത് കോഴിക്കോട് ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ഇദ്ദേഹം ഒരു  വോട്ടിന്   എ സി ഷണ്‍മുഖദാസിനോട് പരാജയപ്പെട്ടു. പിന്നീട്  അധ്യാപകജോലിയുമായി  ചുരം കയറിയ രാമചന്ദ്രന്‍മാസ്റ്റര്‍  കെ  കരുണാകരന്റെ വലംകൈയ്യായി വയനാട്ടിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അവസാനവാക്കായി.  ഐ വിഭാഗത്തിന്റെ ആധിപ്ത്യം ജില്ലയില്‍  ഉറപ്പിച്ചു. കല്‍പ്പറ്റയിലും  ബത്തേരിയിലുമായി മാറിമാറി മത്സരിച്ച് എം എല്‍ എ  ആയി. കെ മുരളീധരന്റെ രാഷ്ട്രീയപ്രവേശനത്തോടെയാണ് പാര്‍ട്ടിക്കുള്ളില്‍  ഇടര്‍ച്ചകള്‍ തുടങ്ങിയത് .  മുരളീധരവിരോധം  എ  ഗ്രൂപ്പിലെത്തിച്ചു.  2001ലെ   ആന്റണി മന്ത്രിസഭയില്‍  ആരോഗ്യമന്ത്രിയായി. തുടര്‍ന്നെത്തിയ ഉമ്മന്‍ചാണ്ടിയുടെ അഴിച്ചുപണിയിലും  മന്ത്രിസ്ഥാനം നിലനിറുത്തി. എന്നാല്‍  മലനീകരണനിയന്ത്രണവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അടി പതറി. 

2006ല്‍  കല്‍പറ്റയിലെ  കോണ്‍ഗ്രസ് കോട്ടയില്‍  എം വി ശ്രേയംസ് കുമാറിനോടും  ഇടതുമുന്നണിയോടും തോറ്റു. പാര്‍ട്ടി തന്നെ തോല്‍പ്പിച്ചുവെന്ന  തിരിച്ചറിവില്‍  സ്വന്തം ഗ്രൂപ്പ്  തന്നെയുണ്ടാക്കി പാര്‍ട്ടിക്കുള്ളില്‍ പടയ്ക്കിറങ്ങി.  2011ല്‍  സ്ഥാനാര്‍ഥിത്വം  നിഷേധിക്കപ്പെട്ടപ്പോള്‍  കോഴിക്കോട്  പ്രസ് ക്ളബ്ബില്‍  പൊട്ടിക്കരഞ്ഞു. പിന്നെ  പാര്‍ട്ടില്‍ ഒന്നുമല്ലാതായി. വയനാട്ടിലെ  രാഷ്ട്രീയക്കൂടും വീടും വിട്ട് കോഴിക്കോട്ട് വിശ്രമജിവിതത്തിലായി.  അണിയറരാഷ്ട്രീയത്തിലെ  കയ്യടക്കമായിരുന്നു രാമചന്ദ്ന്‍ മാസ്റ്ററുടെ വിജയക്കൊടി. കോണ്‍ഗ്രസിനുള്ളില്‍  ഉരുത്തിരിഞ്ഞ പുതിയ  സമവാക്യങ്ങളില്‍  പിടിച്ചുനില്‍ക്കാനാവാതെയാണ്  ഈ പഴയ കോണ്‍ഗ്രസുകാരന്‍  മുഖ്യധാരാരാഷ്ടീയത്തോട്  സുല്ലിട്ട്  പിരിഞ്ഞത്.