‘വട്ടിയൂർക്കാവിൽ വീട് വയ്ക്കണം; സച്ചിയേട്ടൻ വിചാരിച്ചാൽ ‍ഞാൻ സ്റ്റാറാകും’; കണ്ണീർ

സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങി. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സംവിധായകരുടെ വീടുകളിൽ ചാൻസ് ചോദിച്ചു നടന്ന കാലത്തെ കുറിച്ച് കോവിഡ് ലോക്ഡൗൺ കാലത്ത് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവച്ചിരുന്നു. 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിൽ രാജീവ് രവി അനിലിന് അവസരം ഒരുക്കുന്നത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. അയ്യപ്പനും കോശിയും തലവര തന്നെ മാറ്റി.

‘ചാനലിൽ സജീവമായ സമയത്ത് ഞാൻ നെടുമങ്ങാട് ഒരു വീട് സ്വന്തമായി വച്ചിരുന്നു. വിവാഹമോചിതനായ ശേഷം ആ വീട് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വട്ടിയൂർക്കാവിൽ കുറച്ചു സ്ഥലം കിടപ്പുണ്ട്. അവിടെ ഭാവിയിൽ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം.’ അനിൽ പറഞ്ഞിരുന്നു.

‘കണ്ടറിയണം കോശി, നിനക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്..’ ഈ ഒറ്റ വാചകം മതി ഈ നടനെ മലയാള സിനിമ എക്കാലവും ഓർത്തുവയ്ക്കാൻ. മരണവാർത്തയുടെ താഴെ ഒട്ടേറെ പേർ കുറിച്ച അനുസ്മരണത്തിൽ നിറയുന്ന വാചകം ഇങ്ങനെയാണ്. വേറെയുമുണ്ട് ചിലത്. ‘തത്കാലം ഈ അയ്യപ്പൻ കോശി സീസൺ ഒന്ന് കഴിഞ്ഞോട്ടെ. അടുത്ത സീസൺ നമ്മൾ തമ്മിൽ ആവാം. എനിക്കു ആയുസുണ്ടെങ്കിൽ... നിനക്കും..’ ഈ ഡയലോഗ് പ്രേക്ഷകര്‍ കണ്ണീരോടെ ഓര്‍ക്കുന്നു. അവസാനം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിലും അനിൽ കുറിച്ചു, ‘മരണം വരെ സച്ചിയുടെ മുഖമാകും എന്റെ പേജിനെന്ന്..’ നോവുവാക്കുകൾ കൊണ്ട് നിറയുകയാണ് സൈബർ ഇടം. വിധിയെ പഴിച്ച് ഒട്ടേറെ പേർ. ചുരുങ്ങിയ കഥപാത്രങ്ങൾ കൊണ്ട് അനിൽ മലയാളിക്ക് നൽകിയത് എന്താണെന്ന് അവരുടെ വാചകൾ തന്നെ വരച്ചിടുന്നു.

തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അനിൽ അപകടത്തിൽപ്പെടുന്നത്. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.

അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ തിരഞ്ഞു കണ്ടെത്തി പുറത്തേക്കെടുത്തു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് നാട്ടുകാർ പറയുന്നത്.