നിറഞ്ഞു പ്രകാശിച്ച കവിതയുടെ വെളിച്ചം; പെൺസങ്കടങ്ങളുടെ 'അഭയം'

sugatahkumariabhaya-23
SHARE

ഭൂമിയിലെ പുല്ലും പുഴുവും പൊടിയുറുമ്പും മുതൽ മരവും മലയും മനുഷ്യനും വരെയെത്തുന്ന സമസ്തജാലങ്ങളോടുമുള്ള കരുണയും കരുതലുമുണ്ട് സുഗതകുമാരിയുടെ കവിതയിലും ജീവിതത്തിലും. ഏതോ ആധുനികജീവി പുച്ഛത്തോടെ ശിരസ്സിൽവച്ചുകൊടുത്ത മരക്കവിയെന്ന പരിഹാസത്തെ പുഞ്ചിരിയോടെ സ്വീകരിക്കുന്നതിൽ മുതൽ പെൺസങ്കടങ്ങൾക്ക് അത്താണിയായ അഭയയുടെ സൃഷ്ടിയിൽവരെ തെളിഞ്ഞുനിൽക്കുന്നു ഗാന്ധിജിയിൽനിന്നു പകർന്നെടുത്തതെന്ന് കവി തന്നെ പറയുന്ന ആ കരുണയും കരുതലും.

അഭയമേകി കവി

1985 ലാണ്, തിരുവനന്തപുരത്തെ മാനസിക രോഗാശുപത്രിയുടെ ശോച്യാവസ്ഥയറിഞ്ഞ് അവിടെയെത്തിയ സുഗതകുമാരി കണ്ടത് ഒരു നരകം. അങ്ങനെയാണ് മനസ്സിടറിപ്പോയവരും അനാഥരും തെരുവിലേക്കു വലിച്ചറിയപ്പെട്ടവരുമായ സ്ത്രീകൾക്കായി അഭയ തുടങ്ങിയത്. മനോരോഗാശുപത്രികളുടെ നവീകരണത്തിനായി നിരന്തരം സമരം ചെയ്ത് മാനസികാരോഗ്യനയം രൂപീകരിക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കി. ഇന്ന് നിരാലംബരായ നിരവധിപ്പേർക്ക് അഭയമാണ് അഭയ. ആരുമില്ലാത്ത സ്ത്രീകൾ, പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ടെത്തുന്ന പെൺകുട്ടികൾ, അനാഥരായ കുഞ്ഞുങ്ങൾ എന്നിങ്ങനെ ധാരാളം പേർ അഭയയുടെ തണലിലുണ്ട്.

അഭയഗ്രാമം, കർമ, മിത്ര, ശ്രദ്ധാഭവനം, ബോധി, അഭയബാല, പകൽവീട് എന്നിങ്ങനെ അഭയയുടെ കീഴിൽ പല വിഭാഗങ്ങളുണ്ട്. നിരാലംബർക്ക് ആശ്രയസ്ഥാനമൊരുക്കുക മാത്രമല്ല സുഗതകുമാരി ചെയ്തത്. പെണ്ണിനു നേരേ ക്രൗര്യത്തിന്റെ കൂർനഖങ്ങൾ നീണ്ടിടത്തെല്ലാം അവരെത്തി. ഇരകളായവരെ നെഞ്ചോടുചേർത്തു, അക്രമത്തിനെതിരെ ശബ്ദമുയർത്തി. ആ ഒച്ചകേട്ടാണ് പലപ്പോഴും പൊതുസമൂഹം അതിന്റെ സുഖനിദ്രയിൽനിന്നുണർന്നതും ഇരകൾക്കൊപ്പം നിന്നതും.

സൂര്യനെല്ലിയും വിതുരയും മുതൽ വാളയാർ വരെയുള്ള കേസുകൾ അതിനുദാഹരണം. പെണ്ണ് പീഡിപ്പിക്കപ്പെടുന്നത് പിശാചസമൂഹത്തിലാണെന്ന് സുഗതകുമാരി വേദനയോടെ പറഞ്ഞിട്ടുണ്ട് പലവട്ടം. ‘മലയാളിയെപ്പറ്റി എനിക്ക് ഒരു അഭിമാനവുമില്ല. അവനവന്റെ കുടിവെള്ളം സംരക്ഷിക്കാനറിയാത്തവർ, ഭാഷ സംരക്ഷിക്കാനറിയാത്തവർ, പെൺമക്കളെ സംരക്ഷിക്കാനറിയാത്തവർ. സ്വർണത്തിന്റെയും സാരിയുടെയും പരസ്യങ്ങളുടെയും പിറകേ പോകുന്നവർ. വർഗീയതയെ മുമ്പെങ്ങുമില്ലാത്തവിധം വരിക്കുന്നവർ...’ എന്ന് ആ കവി ഹൃദയം വേദനിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...