വിജയിച്ചെങ്കിലും തട്ടുകട വിടാതെ രാജേഷ്; മാതൃകയായി ജനപ്രതിനിധി

തട്ടുകടയുടെ നടത്തിപ്പും ജനസേവനവും ഒന്നിച്ചുകൊണ്ടുപോകുകയാണ് ഈ ബ്ലോക്ക് പഞ്ചായത്തംഗം. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്‍റെ പിറ്റേന്ന് മുതല്‍ തന്റെ തൊഴിലില്‍ സജീവമായിരിക്കുകയാണ് ചെങ്ങന്നൂര്‍ ബ്ലോക്കിലെ എണ്ണക്കാട് ഡിവിഷനില്‍ നിന്ന് വിജയിച്ച രാജേഷ് ഗ്രാമം. തട്ടുകട തന്റെ ഉപജീവനമാര്‍ഗമായി കരുതുമ്പോഴും പൊതുജന സേവനത്തിനു തന്നെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കുകയാണ് യുവാവായ ഈ ജനപ്രതിനിധി.

ഇത് രാജേഷ് ഗ്രാമം. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എണ്ണയ്ക്കാട് ഡിവിഷനില്‍ നിന്നും ബിജെപി ടിക്കറ്റില്‍  തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി.കഴിഞ്ഞതവണ ബുധനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗമായിരുന്നു അധ്വാനം ആരാധനയും രാഷ്ട്രീയം ജനസേവനവും എന്നതാണ് രാജേഷിന്‍റെ സ്വന്തം  മുദ്രാവാക്യം .തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്‍റെ പിറ്റേന്നുമുതല്‍ തന്‍റെ ഉപജീവനമാര്‍ഗമായ തട്ടുകടയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് രാജേഷ് ഗ്രാമം എന്ന ഈ യുവാവ്. 

സംസ്ഥാനത്തെ ഏറ്റവും നല്ല ഫാമിനുള്ള പുരസ്കാരം നേരത്തെ രാജേഷിന്  ലഭിച്ചിട്ടുണ്ട്.  മല്‍സ്യകൃഷി തുടങ്ങിയ രാജേഷിന് പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.ഇതിനുശേഷമാണ് ഉപജീവനമാര്‍ഗമായി ചെങ്ങന്നൂരിലും മാന്നാറിലും തട്ടുകട തുടങ്ങിയത്. കോവിഡ് കാലമായതിനാല്‍ വഴിയോര വില്‍പ്പന നിരോധിച്ചതോടെ വീണ്ടും പ്രതിസന്ധിയായി ഇപ്പോള്‍ ഇളവുകള്‍ വന്നതോടെ ആശ്വാസമായിട്ടുണ്ട് .വാഹനത്തിലാണ് തട്ടുകട, രാജേഷ് തന്നെ വാഹനം ഓടിച്ചെത്തും. രണ്ടു സഹായികളുണ്ട്. വീട്ടില്‍ നിന്ന് അമ്മ പാചകം ചെയ്തെടുക്കുന്ന ആഹാര സാധനങ്ങളാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. തട്ടുകട  വൈകുന്നേരം മുതല്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ജനപ്രതിനിധി എന്നനിലയിലുള്ള പ്രവര്‍ത്തനത്തിന് വേണ്ടത്ര സമയം കിട്ടുമെന്നും രാജേഷ്  പറയുന്നു.