എൽഡിഎഫിന്റെ മണ്ണ്; ഇത്തവണ വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്; പോരാട്ടം കനക്കും

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇടതുപക്ഷം മാത്രം ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാല്‍  മലപ്പുറം ജില്ലയിലെ പ്രധാന പട്ടണം ഇപ്രാവശ്യം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിന്റെ പ്രചാരണം. 

കഴിഞ്ഞ 25 വര്‍ഷമായി ഇളക്കം തട്ടാത്ത പെരിന്തല്‍മണ്ണക്ക് ഇപ്രാവശ്യവും അനക്കമുണ്ടാവില്ലെന്നാണ് എല്‍.ഡി.എഫിന്റെ അവകാശവാദം. എല്‍.ഡി.എഫ് എന്ന് പറയുന്നുണ്ടെങ്കിലും പ്രധാന ഘടകകക്ഷിയായ സി.പി.ഐയ്ക്ക്  പോലും മല്‍സരിക്കാന്‍ പേരിന് ഒരു വാര്‍ഡ് കൊടുക്കാതെയുളള സി.പി.എമ്മിന്റെ സര്‍വാധിപത്യമാണ് കാലങ്ങളായി നഗരസഭയില്‍. തിരഞ്ഞെടുപ്പ് കാലത്തെ യു.ഡി.എഫിനുളളിലെ പടലപ്പിണക്കങ്ങളും വിമതശല്ല്യവുമെല്ലാം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

2 വാര്‍ഡുകളില്‍  ലീഗിലെ മുന്‍ കൗണ്‍സിലര്‍മാര്‍ വിമതസ്ഥാനാര്‍ഥികളായുണ്ട്. 14ാം വാര്‍ഡില്‍ കോണ്‍ഗ്രസിനും  വിമതസ്ഥാനാര്‍ഥിയുണ്ട്. കഴിഞ്ഞ പ്രാവശ്യം ആകെയുളള 34 വാര്‍ഡുകളില്‍ 21 എല്‍.ഡി.എഫും 9 മുസ്്ലീംലീഗും 4 കോണ്‍ഗ്രസ് അംഗങ്ങളുമാണ് വിജയിച്ചത്.