ചെല്ലാനത്ത് ഓഖി ദുരന്തബാധിതരുടെ പുനരധിവാസം 3 വര്‍ഷമായിട്ടും നടപ്പായില്ല

എറണാകുളം ചെല്ലാനത്ത് ഓഖി ദുരന്തബാധിതരുടെ പുനരധിവാസം മൂന്നുവര്‍ഷമായിട്ടും നടപ്പായില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിയാനാണ് അധികൃതരുടെ ശ്രമം.

കടല്‍ഭിത്തിയും കടന്ന് അലറി കുതിച്ചെത്തിയ കടല്‍ റെജീനയെയും മൂന്ന് കുട്ടികളെയും നാഥനില്ലാത്തവരാക്കിയിട്ട് ഇന്നേക്ക് കൃത്യം മൂന്നുവര്‍ഷം. 2017 ഡിസംബര്‍ രണ്ടിനാണ് ചെല്ലാനംകാരന്‍ ജോസഫ് റിക്സണ്‍ കടലാക്രമണത്തിനിടെ മരിച്ചത്. ഓഖി തട്ടിയെടുത്ത ചെല്ലാനത്തെ രണ്ടുപേരില്‍ ഒരാള്‍. വര്‍ക്‌ഷോപ്പ് ജീവനക്കാരനായ ജോസഫിന്റെ വരുമാനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബത്തിന്റെ താളംതെറ്റി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫിഷറീസ് വകുപ്പില്‍ ആദ്യം ജോലി നല്‍കിയെങ്കിലും നാലുമാസത്തിനുശേഷം മല്‍സ്യത്തൊഴിലാളിയുടെ കുടുംബമല്ലെന്നു പറഞ്ഞ് ഒഴിവാക്കി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കാതെ ജോലി നല്‍കാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍.

പത്തുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആറുലക്ഷം മാത്രമേ നല്‍കിയുള്ളു. ദുരന്തത്തില്‍ ഭാഗികമായി തകര്‍ന്ന വീട് അറ്റകുറ്റപ്പണി നടത്താനുള്ള സഹായവും കിട്ടിയില്ല. റെജീനയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത്.