ശബരിമലയിലെ സ്വർണക്കൊടിമര നിർമാണം; റിലീസിനൊരുങ്ങി ഡോക്യുമെന്ററി

ശബരിമലയിലെ സ്വര്‍ണക്കൊടിമര നിര്‍മാണത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസിനൊരുങ്ങുന്നു. നിര്‍മാണത്തിനുള്ള മരം കണ്ടെത്തുന്നതുമുതല്‍ പ്രതിഷ്ഠവരെയുള്ള അപൂര്‍വ ചടങ്ങുകളുടെ ദൃശ്യാവിഷ്കാരമാണ് ശബരീശന്റെ ധ്വജസ്തംഭം എന്ന പേരില്‍ ഒരുക്കിയിരിക്കുന്നത്. 

ശബരീശന്റെ മൂര്‍ത്തീ ഭാവം പ്രതിഫലിപ്പിക്കുന്ന സ്വര്‍ണക്കൊടിമരത്തിന്റെ ജനനമാണ് ശബരീശന്റെ ധ്വജസ്തംഭം. കോന്നി വനത്തിലെ ലക്ഷണമൊത്ത തടിയില്‍നിന്ന് സന്നിധാനത്തെ പ്രതിഷ്ഠവരെയുള്ള ചടങ്ങുകളാണ് ഡോക്യുമെന്ററിയില്‍. ആചാരപ്രകാരം നിലംതൊടാതെ മരം മുറിച്ചെടുക്കുന്നതും, പരുവപ്പെടുത്തുന്നതും, എണ്ണത്തോണിയിലിട്ട് ഒരുക്കുന്നതും, സ്വര്‍ണം പൊതിയുന്നതുമെല്ലാം ഒരു പഠനോപാധി തയാറാക്കുന്നതുപോലെ വിവരണ സഹിതമുണ്ട്. 

ഘോഷയാത്രയായി സന്നിധാനത്തെത്തിച്ച് പ്രതിഷ്ഠിക്കുന്നതും, ഓരോ ഘട്ടത്തെക്കുറിച്ച് തന്ത്രിയടക്കമുള്ളവര്‍ വിശദീകരിക്കുന്നതുമുണ്ട്. മുഖ്യശില്‍പി പി.പി.അനന്തന്‍ ആചാരിയുടെ മകനും ശില്‍പിയുമായ അനു അനന്തനാണ് ഭാഗഭാക്കായവരെയെല്ലാം അണിനിരത്തി ഡോക്യുമെന്ററി ഒരുക്കിയത്. പ്രളയ സമയത്ത് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്താണ് ഡോക്യുമെന്ററി തയാറാക്കിയത്. രതീഷ് വേഗ സംഗീതമൊരുക്കിയിരിക്കുന്ന ദൃശ്യാവിഷ്കാരത്തിന് ആമുഖ വിവരണം സുരേഷ് ഗോപിയാണ്.