പിണറായിയെന്ന കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി എന്ന് പറഞ്ഞാൽ ശിക്ഷിക്കുമോ?: ബൽറാം

pinarayi-balram-kim
SHARE

പൊലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. കിം ജോങ് ഉന്നിന്റെ ചിത്രം പങ്കുവച്ചാണ് വി.ടി ബൽറാം രോഷം വ്യക്തമാക്കിയത്. സമൂഹമാധ്യമങ്ങളിലും സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 

‘പൊലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓർഡിനൻസ് വഴി അടിച്ചേൽപ്പിച്ചതിലൂടെ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാൽ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വർഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ?’ ബൽറാം ചോദിക്കുന്നു. 

സൈബര്‍ ആക്രമണങ്ങളേ നിയന്ത്രിക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പൊലീസ് നിയമത്തിലെ ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങാവുമെന്ന് ആശങ്ക ഉയര്‍ന്നതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. സൈബര്‍ മാധ്യമം എന്നു പരാമര്‍ശിക്കാതെ എല്ലാ വിനിമയോപാധികള്‍ക്കും ബാധകമെന്നു വ്യക്തമാക്കി വിഞ്ജാപനം പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ, വ്യാജ വാര്‍ത്തയാണെന്ന് ആരു പരാതി നല്‍കിയാലും ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കാന്‍ നിയമഭേദഗതിയോടെ പൊലീസിന് അധികാരമായി.

അതേസമയം, പൊലീസ് നിയമഭേദഗതി വിവാദമായതോടെ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി. അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്രത്തിനും ഭീഷണിയാകുന്നത് ഒഴിവാക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപത നയങ്ങള്‍ക്കു വിരുദ്ധമാണ് പൊലീസ് നിയമഭേദഗതിയിലെ വ്യവസ്ഥകളെന്ന് വിലയിരുത്തലുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...