റോഡിലെ കുഴിയിൽ വീണ് കയ്യൊടിഞ്ഞു; പ്ലാസ്റ്ററിട്ടെത്തി പ്രതിഷേധിച്ച് യുവാവ്

mannuthi-21
SHARE

തൃശൂര്‍ മണ്ണുത്തി ദേശീയപാതയുടെ സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് കയ്യൊടിഞ്ഞ ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി വന്ന് ഒറ്റയാന്‍ സമരം നടത്തി. മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം കണ്ട് നാട്ടുകാര്‍ കല്ലും മണ്ണുമിട്ട് കുഴിയടച്ചു. 

കൊച്ചിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മണ്ണാര്‍ക്കാട് സ്വദേശി മുഹ്സിനാണ് ഇങ്ങനെ പ്രതിഷേധിച്ചത്. മണ്ണാര്‍ക്കാട് നിന്ന് ബൈക്കില്‍ കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു കുഴിയില്‍ വീണ് അപകടമുണ്ടായത്. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കയ്യൊടിഞ്ഞിരുന്നു. പ്ലാസ്റ്ററിട്ട കയ്യുമായി മുഹ്സിന്‍ നേരെ വന്നത് കുഴിയുടെ അടുത്തേയ്ക്കാണ്. പ്രതിഷേധ സൂചകമായി പ്ലക്കാര്‍ഡ് തയാറാക്കി മണിക്കൂറുകളോളം കുഴിയുടെ മുമ്പില്‍ സമരം നടത്തി. കനത്ത െവയിലിനെ കൂസാതെയായിരുന്നു നില്‍പ് സമരം. ഇതുവഴി പോയ യാത്രക്കാരും പിന്തുണയുമായി എത്തി. 

ദേശീയപാത അധികൃതര്‍ ആരും സമരം കണ്ടമട്ടു നടിച്ചില്ല. അവസാനം, നാട്ടുകാര്‍തന്നെ കല്ലും മണ്ണും കൊണ്ടുവന്നിട്ട് കുഴി താല്‍ക്കാലികമായി അടച്ചു. തൃശൂര്‍...പാലക്കാട് ദേശീയപാതയില്‍ പലയിടത്തും ഇങ്ങനെ കുഴികുളുണ്ട്. ദേശീയപാതയിലെ വാരിക്കുഴികളില്‍ വീണ് അപകടവും പതിവാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...