‘അമ്മ’ മീറ്റ്; ചിത്രം പങ്കിട്ട് ടിനിടോം; പ്രതിഷേധവുമായി ഒരു വിഭാഗം

അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉയർത്തുന്നത്.  ബിനീഷിനോടു വിശദീകരണം ചോദിക്കും. അതിനുശേഷം നടപടി സ്വീകരിക്കാനാണ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇന്നലെ തീരുമാനിച്ചത്. ഇതിന് പിന്നാലെ യോഗത്തിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ച ടിനിടോമിന്റെ പോസ്റ്റിന് താഴെ രോഷകമന്റുകൾ നിറയുകയാണ്. 

A.M.M. A എന്നുതന്നെ പറയണം ‘അമ്മ’ എന്നു വിളിക്കരുതെന്ന് രോഷത്തോടെ ഒട്ടേറെ പേർ കമന്റ് ചെയ്യുന്നു. അതേ സമയം സംഘടനയുടെ തീരുമാനത്തെ പിന്തുണച്ചും ഒരു കൂട്ടർ രംഗത്തുണ്ട്. ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ എക്‌സിക്യുട്ടീവ് അംഗങ്ങളാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്.

ബിനീഷിന്റെ വിഷയത്തിൽ യോഗത്തിൽ രൂക്ഷമായ ഭിന്നാഭിപ്രായം ഉയർന്നു. ബിനീഷിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തെ സംഘടനയുടെ വൈസ് പ്രസിഡന്റുമാരും എൽഡിഎഫ് എംഎൽഎമാരുമായ മുകേഷും കെ.ബി. ഗണേഷ് കുമാറും എതിർത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. വിശദീകരണം തേടാതെ നടപടിയെടുക്കരുതെന്ന നിലപാടാണു മുകേഷും ഗണേഷും സ്വീകരിച്ചത്.