ഇസ്തിരി പെട്ടിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; വീട്ടിൽ തീപിടിത്തം; വന്‍നാശനഷ്ടം

short-circute
SHARE

കൂത്തുപറമ്പ്: മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലിഷ് മീഡിയം സ്കൂളിന് സമീപത്തെ മാനസത്തിൽ മുല്ലോളി മനോജിന്റെ വീട്ടിൽ തീപിടിത്തം. കഴി‍ഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. കിടപ്പ് മുറിയിൽ ഉണ്ടായ തീപിടിത്തത്തിൽ അലമാര, കട്ടിൽ, കിടക്ക, കുട്ടികളുടെ പാഠപുസ്തകങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയെല്ലാം പൂർണമായും കത്തിനശിച്ചു. മനോജും ഭാര്യയും പുറത്ത് പോയ സമയത്താണ് സംഭവം. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് മകളാണ് സമീപവാസികളെ വിവരമറിയിച്ചത്. 

തുടർന്ന് നാട്ടുകാർ തീയണച്ചെങ്കിലും എല്ലാം കത്തി നശിച്ചു. വീട്ടിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തൊട്ടടുത്ത മുറിയിലെ സാധനങ്ങളെല്ലാം ഈ കിടപ്പ് മുറിയിലാണ് സൂക്ഷിച്ചിരുന്നത്. നിലത്ത് പാകിയ ടൈൽസും തകർന്നിട്ടുണ്ട്. കുടുംബശ്രീ സെക്രട്ടറിയായ മനോജിന്റെ ഭാര്യ സീന സൂക്ഷിച്ച കുടുംബശ്രീയുടെ മിനിറ്റ്സ് ബുക്കും റജിസ്റ്ററും ഉൾപ്പെടെയുള്ളവ അഗ്നിക്കിരയായി. ഇസ്തിരി പെട്ടിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാങ്ങാട്ടിടം വില്ലേജ് ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...