ഫണ്ടനുവദിച്ചിട്ടും റോഡ് ഇല്ല; വനപാതയിൽ പ്രസവം; ദുരിതത്തിൽ ആദിവാസി കോളനി

പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം എടക്കര പുഞ്ചക്കൊല്ലി ആദിവാസി കോളനിയിലേക്കുളള റോഡിന് ഫണ്ടനുവദിച്ചിട്ടും പ്രവൃത്തി അനിശ്ചിതമായി നീളുന്നു. വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെ  കിലോമീറ്ററുകള്‍ നടക്കേണ്ടിവന്ന ഗര്‍ഭിണിയായ ആദിവാസി യുവതി വനപാതയില്‍ പ്രസവിച്ചു.

പുഞ്ചക്കൊല്ലി കോളനിയിലെ 24 വയസുകാരി ധന്യയാണ് കാട്ടുപാതയിലൂടെ വരുബോള്‍ വഴിയോരത്ത് പ്രസവിച്ചത്. റോഡിലൂടെ ഫോര്‍വീല്‍ വാഹനങ്ങള്‍ പോലും പോവാത്തതുകൊണ്ട് കിലോമീറ്ററുകളോളം നടന്നു വന്നാണ് ധന്യ ജീപ്പില്‍ കയറിയത്. പിന്നാലെ കൂടുതല്‍ പ്രയാസം അനുഭവപ്പെട്ടതോടെയാണ്  ജീപ്പില്‍ നിന്ന് താഴെ ഇറക്കി കിടത്തി. മിനിട്ടുകള്‍ക്കകം പ്രസവം നടന്നു. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡോക്ടറും ജീവനക്കാരും എത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചു.

ആനമറി മുതല്‍ പുഞ്ചക്കൊല്ലി വരെയുളള 3 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. റോഡ് നന്നക്കാന്‍ വഴിക്കടവ് ഗ്രാമപ‍ഞ്ചായത്ത് 98 ലക്ഷം രൂപ അനുവദിച്ചിരുന്നു. വനം ഉദ്യോഗസ്ഥര്‍ എന്‍.ഒ.സിയും നല്‍കി. സാങ്കേതിക അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് മഴക്കാലം മാറിയിട്ടും റോഡു നിര്‍മാണം നീണ്ടു പോവുന്നത്.