കോവിഡ് ബാധിതന്റെ വീട്ടിലെ നായ ചത്തു; പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കും രോഗം

covid
SHARE

കോവിഡ് പോസിറ്റീവായ കുടുംബംവളർത്തിയിരുന്ന നായ ചത്തതിനെ തുടർന്നു പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി സർജനും കോവിഡ്. ഇതോടെ നായയുടെ സ്രവവും രക്ത സാംപിളും പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഒ‍ാഫിസിലേക്കും ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്‌നോസിസ് ലാബിലേക്കും പരിശോധനയ്ക്കായി അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഫലം വരുമെന്നാണു പ്രതീക്ഷ. മയ്യനാട് പഞ്ചായത്തിലാണു സംഭവം. വീട്ടിലെ ഗൃഹനാഥനും ഭാര്യയ്ക്കുമാണ് ഒരാഴ്ച മുൻപ് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥൻ നെടുമ്പന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും  ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഭാര്യ വീട്ടിലും ക്വാറന്റീനിലാണ്. വളർത്തു നായയ്ക്ക് ഭക്ഷണം കൊടുത്തിരുന്നത് ഗൃഹനാഥനായിരുന്നു.

ഗൃഹനാഥൻ ആശുപത്രിയിൽ പ്രവേശിച്ച് 4 ദിവസം കഴിഞ്ഞതോടെയാണ് നായയ്ക്ക് വയറിളക്കവും ശ്വാസ തടസ്സവും കണ്ടു തുടങ്ങിയത്. ആഹാരം കഴിക്കാതെ  നായ തളർന്നു കിടപ്പിലായതോടെ വീട്ടുകാർ മയ്യനാട് വെറ്ററിനറി സർജനെ ഫോണിൽ ബന്ധപ്പെട്ട് നായയ്ക്കു മരുന്നു നൽകി. പക്ഷേ, അടുത്ത ദിവസം നായ ചത്തു. ഇതോടെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശ പ്രകാരം കൊല്ലത്തു നിന്നു വെറ്ററിനറി സർജൻമാർ എത്തി നായയെ പോസ്റ്റ്മോർട്ടം ചെയ്തു വീട്ടു പരിസരത്തു തന്നെ സംസ്കരിച്ചു. പോസ്റ്റ്മോർട്ടം ചെയ്ത സംഘത്തിലെ ഒരു സർജൻ ഞായറാഴ്ച കോവിഡ് പോസിറ്റീവ് ആയി. എന്നാൽ,പരിശോധന ഫലം വന്നെങ്കിൽ മാത്രമേ നായയ്ക്കു കോവിഡ് ബാധിച്ചിരുന്നോയെന്നു കണ്ടെത്താനാകൂ.  

MORE IN KERALA
SHOW MORE
Loading...
Loading...