‘അഞ്ചു ലക്ഷം’ ഭാഗ്യമറിയാതെ ടിക്കറ്റ് കീറിയെറിഞ്ഞു; കൂട്ടിയോജിപ്പിക്കാൻ വഴിതേടി മൻസൂർ അലി

ali-lottery
SHARE

അക്ഷരാർത്ഥത്തിൽ നെഞ്ചു തകർന്നിരിക്കുകയാണ് കാസർകോട് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി. ഭാഗ്യപരീക്ഷണത്തിനായെടുത്ത ലോട്ടറി ടിക്കറ്റിലൂടെ ഇപ്പോൾ ജീവിതം തന്നെ പരീക്ഷിക്കപ്പെടുകയാണ്. സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ടിക്കറ്റിൽ അഞ്ചു ലക്ഷം രൂപ സമ്മാനം. 19നു നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 ലക്ഷം രൂപയാണ് ചെങ്കള ചൂരിപ്പള്ളത്തെ മൻസൂർ അലി എടുത്ത ഡബ്ല്യുഎൽ 583055 എന്ന ടിക്കറ്റിനു ലഭിച്ചത്. ടിക്കറ്റ് കീറിക്കളയാൻ തോന്നിയ ആ നിമിഷത്തെ ശപിക്കുകയാണ് മൻസൂറലി ഇപ്പോൾ.

ഇന്നലെ രാവിലെ 9ന് സ്റ്റാൻഡിലെത്തി ഓട്ടമില്ലാതെ ഇരിക്കുമ്പോഴാണ് ലോട്ടറി ഫലം നോക്കിയത്. പട്ടികയുടെ താഴെയൊന്നും തന്റെ നമ്പർ കണ്ടില്ല; നിരാശനായി കയ്യിലുണ്ടായിരുന്ന മൂന്നു ടിക്കറ്റുകളും കീറിയെറിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ് ഏജന്റ് വന്നു പറഞ്ഞപ്പോഴാണ് സമ്മാനമുണ്ടെന്ന് അറിയുന്നത്. ഇതോടെ ടിക്കറ്റിനായുള്ള അന്വേഷണമായി. ഡ്രൈവർമാരെല്ലാം ചേർന്ന് കടലാസു കഷ്ണങ്ങൾ പെറുക്കിയെടുത്തു യോജിപ്പിച്ചു

തുക കിട്ടാനുള്ള വഴിതേടി നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി ജില്ലാ ലോട്ടറി ഓഫിസിൽ ചെന്നപ്പോൾ എംഎൽഎയുടെ കത്തുമായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർക്കു നിവേദനം കൊടുക്കാൻ പറഞ്ഞു. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മൻസൂറലി. മുളിയാർ മജക്കാറിലെ രാമകൃഷ്ണൻ എന്ന ഏജന്റിൽ നിന്നെടുത്ത ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റ് കീറി പല കഷ്ണങ്ങളായിപ്പോയതിനാൽ ഇനി അതിലെ നമ്പർ നോക്കി സമ്മാനം നൽകാനാവില്ല. പക്ഷേ, ടിക്കറ്റ് കൂട്ടിച്ചേർത്ത ശേഷം അതിലെ ക്യുആർ കോഡ് സ്കാൻ ചെയ്യാൻ പറ്റിയെങ്കിൽ സമ്മാനം ലഭിക്കും. അല്ലാത്ത പക്ഷം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ പ്രത്യേക തീരുമാനം വേണ്ടിവരും.

MORE IN KERALA
SHOW MORE
Loading...
Loading...