ബസിലേക്ക് ഇടിച്ചു കയറി; കാറിൽ കുടുങ്ങി യാത്രക്കാർ; ബസ് പിന്നോട്ടെടുത്തു കാർ വലിച്ചൂരി

puthupally-accident
SHARE

പുതുപ്പള്ളി: തൃക്കോതമംഗലത്ത് ഇന്നലെ വൈകിട്ടു ദുരന്തം പെയ്തിറങ്ങി. കനത്ത മഴയിൽ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയ കാർ പൂർണമായി തകർന്നിരുന്നു. കാറിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചു. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് ചെറിയ പരുക്കുണ്ട്.ഉടൻ പൊലീസും അഗ്നിരക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. റോഡിൽ പരന്നൊഴുകിയ ഓയിൽ കഴുകി. തെന്നൽ ഒഴിവാക്കുന്നതിന് അറക്കപ്പൊടി വിതറി. കോട്ടയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായ ജിൻസ് കുറച്ചു ദിവസം മുൻപാണു കാർ വാങ്ങിയത്. ഇതു സ്വന്തം പേരിലേക്കു മാറ്റിയിരുന്നില്ല.

അപകടം എങ്ങനെ

അപകടത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കു പൊലീസ്. മഴ നന്നായി പെയ്തതിനു ശേഷമാണ് അപകടം. റോഡിൽ വളവുള്ള ഭാഗത്തു വാഹനം തെന്നി നീങ്ങാനുള്ള സാധ്യതയുണ്ട്. ഒരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടമെന്നു നാട്ടുകാരിൽ ചിലർ പറയുന്നു. കാർ യാത്രക്കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് വാകത്താനം എസ്എച്ച്ഒ കെ.പി.തോംസണും പറഞ്ഞു.

മണർകാട് - പെരുന്തുരുത്തി ബൈപാസിൽ തൃക്കോതമംഗലം ഭാഗത്ത് അപകടം പതിവെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്നു. വടക്കേക്കര എൽപി സ്കൂളിന്റെ ഇരുഭാഗത്തും വളവുകളുണ്ട്. വേഗ നിയന്ത്രണത്തിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

അപകടത്തിൽപെട്ട കാറിന്റെ പിന്നിലെ കാറിലായിരുന്നു ഞാൻ. നല്ല മഴ പെയ്തിരുന്നു. മുന്നിലെ വാഹനത്തെ മറികടക്കാൻ കാർ ശ്രമിച്ചതു പോലെ തോന്നി. പെട്ടെന്നായിരുന്നു അപകടം. എല്ലാവരും അകത്തു കുടുങ്ങിക്കിടക്കുന്നു. മുൻഭാഗം തുറക്കാൻ കഴിഞ്ഞില്ല. പിൻസീറ്റിലിരുന്ന സ്ത്രീയെയും 2 കുട്ടികളെയും എന്റെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. -ജാക്സൻ ചാണ്ടി, വാകത്താനം.

രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കാർ ഇടിച്ചു ബസിനടിയിൽ കയറി. ബസ് പിന്നോട്ടെടുത്തു കാർ വലിച്ചൂരി എടുക്കുകയായിരുന്നു. എല്ലാവരും ഒരുമിച്ചു പ്രവർത്തിച്ചു. -ടി.എസ്.ശ്രീകുമാർ, ആംബുലൻസ് ഡ്രൈവർ.

MORE IN KERALA
SHOW MORE
Loading...
Loading...