സിപിഎം നേതാവിന്റെ കൊലപാതകം; പ്രതികളുടെ രാഷ്ട്രീയത്തിൽ വാക്പോര്

accused-politics
SHARE

തൃശൂരില്‍ സി.പി.എം. നേതാവിനെ കുത്തിക്കൊന്ന കൊലയാളി സംഘത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ചൊല്ലി വാക്പോര്. കൊലയാളികള്‍ ബി.ജെ.പി ബന്ധമുള്ളവരാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. അതേസമയം, സി.പി.എമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

തുടര്‍ച്ചയായി പാര്‍ട്ടിപ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിച്ച് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ആോപിച്ചു. രണ്ടു മാസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ സി.പി.എം. പ്രവര്‍ത്തകനാണ് തൃശൂരിലനെ സനൂപ്. കായംകുളത്തും വെഞ്ഞാറമൂടും കോണ്‍ഗ്രസാണെങ്കില്‍ തൃശൂരില്‍ ബി.ജെ.പിയാണ് പ്രതിസ്ഥാനത്തെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം, സി.പി.എമ്മിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് തുറന്നടിച്ച് ബി.ജെ.പിയും രംഗത്തെത്തി. തൃശ്ശൂരിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലയ്ക്ക് കാരണം സി. പി. എമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയാളികളിലൊരാൾ അറിയപ്പെടുന്ന സി. പി. എം. പ്രവർത്തകനാണ്. അർധരാത്രി സ്വന്തം വീടിന് ഏഴുകിലോമീറ്റർ അകലെയാണ് കൊല ചെയ്യപ്പെട്ടത്. വസ്തുത മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണനും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയിൽ വയ്ക്കുന്നത്.  കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു. പൊലീസ് തിരയുന്ന പ്രതികളുടെ സി.പി.എം. ബന്ധം തുറന്നുകാട്ടാന്‍ ബി.ജെ.പി. തൃശൂര്‍ ജില്ലാ ഘടകവും രംഗത്തെത്തി.

 ഇരുചക്ര വാഹനം വേഗത്തില്‍ ഓടിച്ചുപോയതിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകന് ഈയിടെ മര്‍ദ്ദനേറ്റിരുന്നു. ഇക്കാര്യം സംസാരിച്ചു തീര്‍ക്കാന്‍ചെന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയേയും സുഹൃത്തുക്കളേയും ഒരുസംഘം യുവാക്കള്‍ ആക്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന സൂചന. രാഷ്ട്രീയ വൈരാഗ്യം കൊലയ്ക്കു കാരണമായെന്ന് പൊലീസ് ഇതുവരെ സമ്മതിച്ചിട്ടില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...