‘ഐ ഫോൺ ക്യാപ്സൂൾ ബൂമറാംഗ്’; സിപിഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ

balram-sabari-satheeshan-kodi
SHARE

രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർത്തിയ ഐഫോൺ ആരോപണം സിപിഎമ്മിന് തന്നെ തിരിച്ചടിയാകുന്നുവെന്ന് കോൺഗ്രസ്. യുഎഇ കോണ്‍സുലേറ്റിലെ നറുക്കെടുപ്പില്‍ തന്റെയും കോടിയേരിയുടെയും സ്റ്റാഫിനും സമ്മാനം കിട്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെ കോൺഗ്രസിലെ യുവനിര നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി. വി.ഡി സതീശനും വി.ടി ബൽറാമും, ശബരിനാഥനും അടക്കമുള്ള എംഎൽഎമാർ സിപിഎമ്മിനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. 

തന്റെ സ്റ്റാഫിന് വാച്ചും, അസി. പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവന് ഫോണും സമ്മാനമായി കിട്ടിയെന്നായിരുന്നു ചെന്നിത്തല ഇന്ന് വെളിപ്പെടുത്തിയത്. രാജീവന്‍ കോടിയേരിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഐഫോണുകള്‍ ആര് ഉപയോഗിക്കുന്നെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് കത്തുനല്‍കി. 

വി.ഡി സതീശന്റെ കുറിപ്പ്: ബൂമറാംഗ് എന്നാൽ എന്താണ് സർ ? നമ്മൾ ഒരാൾക്കെതിരെ ഉപയോഗിക്കുന്ന ആയുധം തിരിച്ച് നമ്മുടെ നേരെ വരുന്നതിനെയും അങ്ങിനെ പറയാം. ഉദാഹരണം:- പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ഫോൺ ആരോപണം അന്വേഷിക്കുമ്പോൾ കോടിയേരിയുടെ പഴയ സ്റ്റാഫിന്റെ പോക്കറ്റിലിരുന്ന് ഫോൺമണിയടിക്കും.

ശബരിനാഥൻ: ഇന്നത്തെ ക്യാപ്സുൽ (iPhone /Android compatible version)

1) ഈ ഫോട്ടോയിൽ iPhone പിടിച്ചുനിൽക്കുന്നത് സഖാവ് AP രാജീവൻ അല്ല

2) AP രാജീവൻ ഇപ്പോൾ കേരള സർക്കാരിന്റെ അണ്ടർ സെക്രട്ടറിയും അഡിഷണൽ പ്രോട്ടോകോൾ ഓഫീസറുമല്ല

3) ഇദ്ദേഹം 2001ൽ ശ്രീ കോടിയേരി ബാലകൃഷ്ണൻ എം എൽ എ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ PA അല്ലായിരുന്നു

4) ഇദ്ദേഹം 2006 ശ്രീ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയപ്പോൾ PA അല്ലായിരുന്നു

5) iPhone കൊടുത്തത് കൊണ്ടല്ല സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസ് കണ്ണടച്ചതും അതുവഴി ദുബായ് കൗൺസിലേറ്റിലേക്ക് പാർസലുകൾ നിർലോഭമായി കഴിഞ്ഞ മൂന്ന് വർഷമായി വന്നുകൊണ്ടിരുന്നത്.

6) സെക്രട്ടറിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിൽ മാത്രം തീപിടുത്തം ഉണ്ടായതിന് ഈ iPhone മായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല.

വി.ടി ബൽറാം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെടുത്തപ്പെട്ട High Integrity യുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ. കോടിയേരി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് ആയിരുന്നയാളാണ് ഇദ്ദേഹം. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാവ്.

തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും ഫയലൊന്നും കത്തിപ്പോയില്ലെന്നും എല്ലാം ഭദ്രമാണെന്നും പിന്നീട് റിപ്പോർട്ടും വന്നു.

ഏതായാലും പ്രതിപക്ഷ നേതാവിനെതിരെ ഐഫോൺ വ്യാജ ആരോപണം സിപിഎം ഏറ്റെടുക്കില്ലെന്ന് ഇന്നലെ പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചത് ചാനലുകൾക്ക് മുന്നിലവർ തള്ളിയിരുന്നത് പോലെ ധാർമ്മികത കൊണ്ടൊന്നും അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.

MORE IN KERALA
SHOW MORE
Loading...
Loading...