ഇത് മാണിക്കുള്ള മരണാനന്തരബഹുമതിയെന്ന് ഉമ്മൻചാണ്ടി; വെട്ടിലായി എൽഡിഎഫ്

സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കെപിസിസിയില്‍ നല്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു.  കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ  പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

എന്നാല്‍ ബാര്‍കോഴ യുഡിഎഫിനെതിരായ രാഷ്ട്രീയ സമരമായിരുന്നെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നുമുള്ള വിശദീകരണവുമായി തുടര്‍ന്ന് എ.വിജയരാഘവന്‍ രംഗത്തെത്തി. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം സമരം നടത്തിയതെന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയരാഘവന്‍ പറഞ്ഞത്. മാണി ബാര്‍കോഴ ഇടപാട് നടത്തിയില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നെന്നും നോട്ടെണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന ആരോപണം രാഷ്ട്രീയം മാത്രമായിരുന്നെന്നും വിജയരാഘവന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിജയരാഘവനും സിപിഎമ്മിനും എതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 

ഇതോടെ വിശദീകരണവുമായി എ.വിജയരാഘവന്‍ രംഗത്തെത്തി. ബാര്‍ കോഴ സമരം യുഡിഎഫിനെതിരായ രാഷ്ട്രീയസമരമായിരുന്നു. അതുശരിയാണെന്നുതന്നെയാണ് ഇപ്പോഴും കരുതുന്നത്. ബാര്‍ കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്. കെ.എം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുര്‍ബലനാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ഗൂഢാലോചനയായിരുന്നെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.

ജോസ് കെ.മാണി ഇടതുമുന്നണിയുമായി അടുക്കുന്ന സാഹചര്യത്തിലാണ്, ബാര്‍കോഴ സമരത്തെക്കുറിച്ചുള്ള എ.വിജയരാഘവന്റെ വാക്കുകള്‍ വന്‍വിവാദമായത്.