സസ്പെന്‍ഷൻ ഉത്തരവ് പ്രദർശിപ്പിച്ചു; പൊലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

police-notice
SHARE

സസ്പെന്‍ഷനിലായതിന്റെ മൂന്നാം ദിവസം പൊലീസുകാരന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കാരണം കാണിക്കല്‍ നോട്ടിസ്. ഉത്തരവ് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനൊപ്പം പന്തീരാങ്കാവ് യു.എ.പി.എ അറസ്റ്റില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന മട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റുമാണ് കാരണം. ഉമേഷ് വള്ളിക്കുന്നിലിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ വനിതാ സുഹൃത്തിനെതിരെ മോശം പരാമര്‍ശം ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ കമ്മിഷണര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുമ്പോഴാണ് വീണ്ടും മെമ്മോ നല്‍കിയത്. 

വീണ്ടും കാരണം കാണിക്കല്‍ നോട്ടിസ് കൈപ്പറ്റിയെന്ന് ഉമേഷ് തന്നെയാണ് ഫേസ് ബുക്കിലിട്ടത്. പൊലീസ് സേനയില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതിനുള്ള മേലുദ്യോഗസ്ഥന്റെ അവസാനവട്ട ശ്രമം. കാലുപിടിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ വനിതാ സുഹൃത്തിനെതിരെ കമ്മിഷണര്‍ എ.വി.ജോര്‍ജ് സസ്പെന്‍ഷന്‍ ഉത്തരവില്‍ എഴുതിച്ചേര്‍ത്ത ആരോപണങ്ങളില്‍ അന്വേഷണം ഭയന്നാണ് പുതിയ നീക്കം. ആരൊക്കെ സമ്മര്‍ദ്ധം ചെലുത്തിയാലും കമ്മിഷണര്‍ക്കെതിരായ പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സുഹൃത്തിന്റെ നിലപാട്. ചട്ടംലംഘിച്ച് വിവാദങ്ങള്‍ എഴുതിച്ചേര്‍ത്തതിനെതിരെ ഐ.ജി അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും ഉമേഷ് കുറിച്ചു. ഐ.ജിയുടെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് യുവതി പറഞ്ഞു.  

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം നല്‍കിയുള്ള ഹൈക്കോടതി ഉത്തരവ് പൊലീസുകാര്‍ നിര്‍ബന്ധമായും വായിച്ച് പഠിക്കേണ്ടതാണെന്നും ഉമേഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തുടര്‍ച്ചയായി സേനയെ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതാണ് വീണ്ടും നോട്ടിസ് നല്‍കിയതിന്റെ കാരണമെന്ന് കമ്മിഷണര്‍ എ.വി.ജോര്‍ജ് വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...