ഏറ്റവും നീളം കൂടിയ റോഡ് ടണൽ വിസ്മയം; നിർമ്മാണത്തിന് പിന്നില്‍ മലയാളിയും

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ടണല്‍ ആയ ഹിമാചലിലെ അടല്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി. രാജ്യത്തിന്‍റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമാണ് 8.8 കിലോ മീറ്റര്‍ നീളമുളള റോഡ് ടണലിനുളളത്.  ബോര്‍ഡര്‍ റോ‍ഡ് ഓര്‍ഗനൈസേഷനിലെ മലയാളിയായ ചീഫ് എഞ്ചിനീയര്‍ കെ.പി.പുരുഷോത്തമന്‍റെ നേതൃത്വത്തിലായിരുന്നു ടണല്‍ നിര്‍മാണം  

മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തെ തുരന്ന് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച എഞ്ചിനീയറിങ് വിസ്മയമാണ് അടല്‍ ടണല്‍. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 9.02 കിലോ മീറ്റര്‌ നീളമുളള ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ടണലാണ് ഹിമാചലിലേത്.  മഞ്ഞുകാലത്ത് ആറ് മാസത്തോളം അടഞ്ഞുകിടക്കുന്ന റോഹ്താങ് ചുരം ഒഴിവാക്കി മണാലി - ലഡാക്ക് ഹൈവേയിലൂടെ യാത്ര ചെയ്യാം എന്നതാണ് ടണണ്‍ കൊണ്ടുളള പ്രധാനനേട്ടം. ലഡാക്കിലേക്കുളള ദൂരം 46 കിലോ മീറ്റര്‍ ലാഭിക്കാമെന്നത് സഞ്ചാരികള്‍ക്കും സൈന്യത്തിനും ഏറെ ഗുണം ചെയ്യും. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ പ്രവര്‍ത്തന ചരിത്രത്തില്‍ നിര്‍ണായ സ്ഥാനമുളള ടണലിന്‍റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത് ഒരു മലയാളിയായ ചീഫ് എഞ്ചിനീയറാണ്.  കണ്ണൂരുകാരനായ കെ.പി.പുരുഷോത്തമന്‍ ആണ് 700 അംഗ അടല്‍ ടണല്‍ നിര്‍മാണ സംഘത്തിന് നേതൃത്വം നല്‍കുന്നത്

2010 ജൂണില്‍ സോണിയഗാന്ധിയാണ് ടണലിന്‍റെ നിര്‍മാണോദ്ഘാടനം നിര്‌‍വഹിച്ചത്. 3200 കോടി രൂപ ചെലവ് വന്ന ടണലിന്‍റെ പേര് അടല്‍ ടണല്‍ എന്നാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. . ഈ മാസം അവസാനത്തോടെ ടണല്‌‍ യാത്രക്കായി തുറന്നുനല്‍കും