ചെറു കാറിന്റെ വിലയ്ക്കു ബസുകൾ വില്‍ക്കുന്നു; വൻബാധ്യത; കണ്ണീരോടെ ഉടമകള്‍

bus-stand
File photo
SHARE

കോട്ടയ്ക്കൽ: കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ കഴിയാതെ സ്വകാര്യബസുകൾ കൂട്ടത്തോടെ വിറ്റൊഴിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള ബസുകൾക്കു കാറിന്റെ വിലപോലും ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കഴിഞ്ഞമാസം മാത്രം സംസ്ഥാനത്ത് നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ ബസുകൾ വിറ്റെന്നാണ് പറയുന്നത്.

സാധാരണ ഉപയോഗിച്ച ബസുകൾക്ക് 7 മുതൽ 8 ലക്ഷം രൂപ വരെ വില ലഭിക്കാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ 3 ലക്ഷം രൂപ പോലും കിട്ടുന്നില്ല. പെർമിറ്റ് മരവിപ്പിച്ച ശേഷമാണ് ബസുകൾ വിൽക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമാണ് ഇവ വാങ്ങുന്നത്. കോവിഡ് മൂലം 6 മാസമായി ബസുകൾ ഓടുന്നില്ല. ഓടുന്നവയാകട്ടെ നഷ്ടത്തിലുമാണ്.

പല ബസുകളിലെയും ടയർ, എൻജിൻ, ബാറ്ററി തുടങ്ങിയവ നശിക്കാൻ തുടങ്ങി. ഇവ മാറ്റാൻ വലിയ തുക തന്നെ വേണ്ടിവരും. ഇന്ധനം, ടയർ, സ്പെയർ പാർട്സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്കു ബാധ്യതയുണ്ട്. പ്രധാനമായും ഇക്കാരണത്താലാണ് ബസുകൾ വിൽക്കാൻ പലരും തീരുമാനിച്ചത്.

10 വർഷം മുൻപ് സംസ്ഥാനത്ത് 32,000 ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 12,600 ബസുകൾ മാത്രമാണുള്ളത്. 60 ശതമാനം ഉടമകളും വലിയ പലിശയ്ക്കു പണം കടം വാങ്ങിയാണ് ബസുകൾ എടുക്കുന്നത്.നികുതി ഇളവിനു പുറമേ ഡീസലിന്റെ നികുതി ഒഴിവാക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, ക്ഷേമനിധി അടയ്ക്കുന്നത് നീട്ടിവയ്ക്കുക,

തൽക്കാലത്തേക്കെങ്കിലും എല്ലാവിധ യാത്രാ ആനുകൂല്യങ്ങളും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കണം. ഉടമകൾ ക്ഷേമനിധി ഇനത്തിൽ അടച്ച 4,500 കോടി രൂപ സർക്കാരിന്റെ കൈവശമുണ്ട്. ഇതിൽനിന്നു വായ്പ അനുവദിച്ച് മേഖലയെ സംരക്ഷിക്കണം.

പി.കെ. മൂസ (ബസ് ഓപ്പറേറ്റേഴ്സ് ,ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്)

MORE IN KERALA
SHOW MORE
Loading...
Loading...