എക്സല്‍ ഗ്ലാസസ് ഫാക്ടറി ലേലനടപടികള്‍ നീട്ടി; പ്രതീക്ഷ സർക്കാറിൽ

ആലപ്പുഴ എക്സല്‍ ഗ്ലാസസ് ഫാക്ടറിയുടെ ലേലനടപടികള്‍ നീട്ടിവച്ചു. ആസ്തി വില്‍പന നടത്തി, കടം വീട്ടാനുള്ള ഇ–ലേലം 25 ലേക്കാണ് മാറ്റിയത്. തീയതി നീട്ടിയതോടെ ഫാക്ടറി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍നീക്കം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

ഇന്ന് നടക്കേണ്ടിയിരുന്ന ലേലനടപടികള്‍ക്കാണ് പത്തുദിവസത്തെ അധികസമയം അനുവദിച്ചത്. സര്‍ക്കാരിനുള്‍പ്പടെ ഏത് ഏജന്‍സിക്കും ലേലത്തില്‍  പങ്കെടുക്കാനുള്ള അവസരമാണ് ലിക്വിഡേറ്ററുടെ തീരുമാനത്തിലൂടെ ലഭ്യമായത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ആത്മാര്‍ഥമാണോയെന്ന് ഈ ദിവസങ്ങളിലറിയാം എട്ടുവര്‍ഷമായി പൂട്ടി കിടക്കുന്ന ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലേലം. ഇതിനായി കമ്പനി ലോ ബോർഡ് നേരത്തെതന്നെ ഔദ്യോഗിക ലിക്വിഡേറ്ററെ നിയമിച്ചിരുന്നു. ദേശീയ പാതയോരത്ത് പാതിരാപ്പള്ളിയിലുള്ള ഫാക്ടറിയും ചേർത്തല പള്ളിപ്പുറത്തെ രണ്ട്  ഭൂമിയുമാണ് ഇ-ലേലത്തില്‍ വച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം വില നിശ്ചയിച്ചതില്‍ തട്ടിപ്പുണ്ടെന്നാണ് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നത്

സൊമാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സംസ്ഥാനത്തെ ഏക ഗ്ലാസ് ബോട്ടില്‍ ഫാക്ടറിയാണ്. കോടികളുടെ കടംകയറി 2012 ഡിസംബറിലാണ് പൂട്ടിയത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനങ്ങള്‍ പലകുറികേട്ടതല്ലാതെ നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല.