'അനുവിനെ സർക്കാർ കൊന്നതാണ്'; പ്രതിഷേധം ഉയർത്തി യുവനേതാക്കൾ

anucong-30
SHARE

തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. അനുവിന്റേത് ആത്ഹത്യയല്ലെന്നും സർക്കാർ കൊന്നതാണെന്നും പി. കെ ഫിറോസ് ആരോപിച്ചു. അനുവിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ മരണത്തിന്റെ വക്കിലാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഫിറോസ് പറയുന്നു.

'പി.എസ്.സിയെ വിമർശിക്കുന്നവർക്ക് ജോലി നൽകില്ല എന്ന തീരുമാനം പി.എസ്.സി എടുത്തത് ഇക്കഴിഞ്ഞ ദിവസമാണ്. ജോലിയിൽ നിന്ന് വിലക്കാൻ പി.എസ്.സിയും സർക്കാർ ജോലിയുമൊന്നും ഇവരുടെ തറവാട്ടു വകയല്ല. സി.പി.എമ്മിനെ വിമർശിക്കുന്നവർക്ക് എ.കെ.ജി സെന്ററിൽ ജോലി നൽകില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. പി.എസ്.സിയെ വിമർശിക്കാൻ പാടില്ല എന്ന് പറയാൻ ഇവരാരാണ്? ആ ഉത്തരവിന് പുല്ലു വില പോലും ഞങ്ങൾ കാണുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ തൊഴിൽ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ എൽ.ഡി.എഫ് സർക്കാറിനെതിരെ പ്രതിഷേധമുയരട്ടെ'യെന്നും അദ്ദേഹം കുറിച്ചു.

അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പങ്കുവച്ച് ഒന്നും പറയാൻ കഴിയുന്നില്ല, ക്ഷമിക്കൂവെന്നായിരുന്നു അരുവിക്കര എംഎൽഎ ശബരീനാഥൻ കുറിച്ചത്. ഇനിയും എത്ര ജീവൻ വേണം സർക്കാരിന് തിരുത്താൻ എന്നായിരുന്നു മാത്യു കുഴൻനാടന്റെ ചോദ്യം. അങ്ങേയറ്റം വേദനയോടെയാണ് വാർത്ത പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുറിപ്പിങ്ങനെ : വളരെ വേദനയോടെയാണ് ഇത് കുറിക്കുന്നത്.."എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ.. ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുഞ്ഞനുജൻ അനുവിന്റെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണ്. നാളുകളായി കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.. ഇനിയും എത്ര ജീവൻ വേണം..? നിങ്ങളുടെ കണ്ണു തുറക്കാൻ കാതുകൾക്ക് കേൾവികിട്ടാൻ..? ക്ഷമിക്കൂവെന്ന് വി ടി  ബൽറാമും കുറിച്ചു.

പിഎസ്​സി എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ജീവനൊടുക്കിയത്. റാങ്ക് പട്ടികയിൽ 76–ാം സ്ഥാനക്കാരനായിരുന്നു അനു. കുറച്ച് ദിവസമായി ആഹാരം വേണ്ടെന്നും ശരീരം വേദനിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല. കുറച്ച് ദിവസമായി ആലോചിക്കുന്നു. ആരുടെയും മുമ്പിൽ ചിരിച്ച് അഭിനയിക്കാൻ വയ്യെന്നും എല്ലാത്തിനും ജോലി ഇല്ലായ്മയാണ് കാരണമെന്നും എഴുതി വച്ചിട്ടാണ് അനു ജീവനൊടുക്കിയത്.

MORE IN KERALA
SHOW MORE
Loading...
Loading...