കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് 2 കോടി തട്ടി; സീനിയര്‍ അക്കൗണ്ടന്റിന് സസ്പെൻഷൻ

traesury-director
SHARE

വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍ വന്‍ തട്ടിപ്പ്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടുകോടിരൂപ തട്ടിയെടുത്ത ട്രഷറി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ട്രഷറി ഡയറക്ടറേറ്റില്‍ നിന്നുള്ള പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കേട്ടുകേള്‍വിയില്ലാത്ത തട്ടിപ്പാണ് വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയില്‍ നടന്നത്. ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന രണ്ടുകോടിരൂപയാണ് സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാല്‍ ഇരുപത്തിയേഴാംതീയതി തട്ടിയെടുത്തത്. വിരമിക്കുന്നതിന് മുന്നോടിയായി അവധിയെടുത്ത സബ് ട്രഷറി ഓഫിസറുടെ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ചായിരുന്നു പണം തട്ടിയത്. കലക്ടറുടെ അക്കൗണ്ടിലുള്ള പണം തന്റെ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റി. അതില്‍ നിന്ന് 60 ലക്ഷം രൂപ അന്നുതന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും പലതവണയായി പിന്‍വലിക്കുകയും ചെയ്തു. ഇതിനിടെ അക്കൗണ്ട് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ബാക്കി തുക പിന്‍വലിക്കാന്‍ ബിജുലാലിന് സാധിച്ചില്ല. 

ക്രമക്കേട് കണ്ടെത്തിയതോടെ സബ് ട്രഷറി ഓഫിസര്‍ ജില്ലാ ട്രഷറി ഓഫിസര്‍ക്കും അദ്ദേഹം ട്രഷറി ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. വന്‍തുകയുടെ ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായതോടെ ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേടില്‍ മറ്റാരുടെയെങ്കിലും അറിവോ പങ്കാളിത്തമോ ഉണ്ടോയെന്ന് വിശദമായ അന്വേഷണത്തിനുശേഷമേ പറയാന്‍ സാധിക്കൂ എന്ന് ട്രഷറി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അധ്യാപികയായ തന്റെ ഭാര്യയുടെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കും ബിജുലാല്‍ പണം മാറ്റിയതായി സൂചനയുണ്ട്. ട്രഷറി ഡയറക്ടര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

MORE IN KERALA
SHOW MORE
Loading...
Loading...