പരീക്ഷ നടക്കുന്നില്ല; വഴിമുട്ടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് വിദ്യാര്‍ഥികള്‍

പരീക്ഷ നടക്കാത്തതിനാല്‍ വഴിമുട്ടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് വിദ്യാര്‍ഥികള്‍. 2017 ല്‍ തുടക്കം കുറിച്ച ബാച്ചിലെ വിദ്യാര്‍ഥികളാണ് മൂന്ന് വര്‍ഷമായിട്ടും കുടുങ്ങിക്കിടക്കുന്നത്. കോവിഡ് കാലത്ത് ഇവരുടെ സേവനം ഉപയോഗിക്കാമെന്നതുപോലും അവഗണിച്ചാണ് അകാരണമായി കോഴ്സ് നീട്ടിക്കൊണ്ട് പോകുന്നത്.   

കോവിഡ് പ്രതിരോധത്തിന് അധ്യാപകുടെയും മറ്റ് സര്‍ക്കാര്‍വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനവും തേടുകയാണ് ആരോഗ്യവകുപ്പ്. എന്നാല്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലെതന്നെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പൂര്‍ത്തിയായിട്ടും പരീക്ഷവൈകിപ്പിച്ച് 240 വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയിരിക്കുകയുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാമായിരുന്ന വിദ്യാര്‍ഥികളെയാണ് കോഴ്സ് പൂര്‍ത്തിയാക്കാനോ ജോലിക്ക് അപേക്ഷിക്കാനോ പറ്റാത്ത നിലയിലാക്കി ബുദ്ധിമുട്ടിക്കുന്നത്.

18 കോളജുകളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സുള്ളത്. 2017 ല്‍കോഴ്സ് ആരംഭിച്ച ബാച്ചിനാണ് 2020 ആയിട്ടും പരീക്ഷ നടത്താതെ വൈകിപ്പിക്കുന്നത്. 2019 ല്‍ കോഴ്സ് അവസാനിക്കേണ്ടതായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫൈനല്‍പരീക്ഷയെക്കുറിച്ച് മിണ്ടാന്‍പോലും അധികൃതര്‍ തയ്യാറല്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കായി എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ നടത്തിയ സംസ്ഥാനത്താണ് 240 പേരുടെ പരീക്ഷ നീട്ടിക്കൊണ്ടുപോകുന്നത്.