ദിയാനയ്ക്ക് കൂട്ടുകാരുടെ പെരുന്നാൾ സമ്മാനം; നന്മ പൂക്കുന്ന വിദ്യാലയം

സ്വന്തമായി വീടില്ലാതെ ദുരിത ജീവിതം നയിച്ചിരുന്ന ദിയാനയ്ക്ക് പെരുന്നാൾ സമ്മാനമായി പുതിയ വീടു കൈമാറി സ്കൂളിലെ വിദ്യാര്‍ഥികള്‍. മലപ്പുറം പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് മാസങ്ങള്‍ക്കകം വീടുനിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയത്. 

കഴിഞ്ഞ പ്രളയത്തിൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തുകല്ല് കോടാലി പൊയിൽ ഭാഗത്ത് വന്നപ്പോഴാണ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ദിയാനയുടെ ദുരിതം നേരില്‍ക്കണ്ടത്.  കാലപ്പഴക്കം ചെന്ന വീട്ടിൽ ദിയാനയുടെ മാതാവിന്റെ സഹോദരങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്.  ദിയാനയ്ക്ക് വീട് നിര്‍മിച്ചു നൽകുന്ന കാര്യം പ്രിൻസിപ്പൽ ഫാ.യോഹന്നാൻ തോമസും പ്രധാനാധ്യാപകൻ റെജി ഫിലിപ്പും പങ്കുവച്ചതോടെ ദൗത്യം ഒറ്റക്കെട്ടായി ഏറ്റെടുത്തു.

6 ലക്ഷം രൂപ സമാഹരിച്ചാണ് 650 ചരുരശ്ര വിസ്തീർണത്തിലാണ് വീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. പെരുനാൾ സമ്മാനമായി വീടു ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ദിയാനയും മാതാവും. കോവിഡ് പ്രട്ടോക്കോളിന്റെ ഭാഗമായി ആള്‍ത്തിരക്കില്ലാതെയായിരുന്നു വീടു കൈമാറ്റം.